ലഖ്നോ: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാക്കെതിരായ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജാമ്യം. ഉത്തർ പ്രദേശിലെ സുൽത്താൻപൂർ പ്രത്യേക കോടതിയാണ് 25,000 രൂപയുടെ ആൾ ജാമ്യത്തിലും അത്രതന്നെ തുകക്കുള്ള ബോണ്ടിലും ജാമ്യം അനുവദിച്ചത്.
2018ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പിനിടെ ബംഗളൂരുവിൽ നടത്തിയ വാർത്ത സമ്മേളനത്തിനിടെയായിരുന്നു രാഹുൽ അമിത് ഷായെ ‘കൊലക്കേസ് പ്രതി’ എന്ന് വിശേഷിപ്പിച്ചത്. അന്ന് ബി.ജെ.പി അധ്യക്ഷനായിരുന്നു അമിത് ഷാ. 2018 ആഗസ്റ്റ് നാലിന് ബി.ജെ.പി നേതാവ് വിജയ് മിശ്രയാണ് രാഹുലിനെതിരെ അപകീർത്തി കേസ് നൽകിയത്.
ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരിക്കെ 2005ലെ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിചേർക്കപ്പെട്ട അമിത് ഷായെ 2014ൽ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടിരുന്നു.