മലപ്പുറത്ത് 17കാരിയുടെ മരണം; ‘റോഡിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ’, കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

news image
Feb 22, 2024, 9:31 am GMT+0000 payyolionline.in

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണത്തിൽ പ്രതികരണവുമായി പെൺകുട്ടിയുടെ കുടുംബം. പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന് ആരോപിച്ച്  കുടുംബം രം​ഗത്തെത്തി. പെൺകുട്ടി വീട്ടിൽ നിന്നിറങ്ങിയ സമയത്ത് റോഡിൽ ദുരൂഹ സാഹചര്യത്തിൽ രണ്ട് യുവാക്കൾ ബൈക്കിലെത്തിയിരുന്നു. പെൺകുട്ടി ഇവരുമായി വാക്കുതർക്കമുണ്ടായതായി നാട്ടുകാർ കണ്ടിട്ടുണ്ട്. മരണത്തിൽ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെൺകുട്ടിയുടെ സഹോദരി പറയുന്നു.

 

മൃതദേഹത്തിൽ മേൽവസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നത് ദുരൂഹമാണ്. കുറ്റവാളികളെ ഉടൻ കണ്ടെത്തണമെന്നും പെൺകുട്ടിയുടെ സഹോദരി പ്രതികരിച്ചു. നേരത്തെ, പെൺകുട്ടിയുടെ മൃതദേഹം ചാലിയാര്‍ പുഴയിൽ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷിയും രം​ഗത്തെത്തിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും പുഴയില്‍ മുങ്ങി മരിക്കാനുള്ള സാധ്യതയില്ലെന്നുമാണ് വെളിപ്പെടുത്തിയത്. പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് അയല്‍വാസി ജുവൈരിയ  പറഞ്ഞിരുന്നു. പുഴയില്‍ ചാടി 17വയസുകാരിയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെങ്കില്‍ മൃതദേഹം പൊങ്ങാനുള്ള സമയം ആയില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജുവൈരിയ പറഞ്ഞു.

 

മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോള്‍ മുകളിലെ വസ്ത്രം ഉണ്ടായിരുന്നില്ല. അതിനാലാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ സംശയമുള്ളതെന്നും ജുവൈരിയ പറഞ്ഞു. മുങ്ങാനുള്ള വെള്ളമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നതെന്നും മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും അയല്‍വാസികളും ബന്ധുക്കളും പറഞ്ഞു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മിറ്റിയും നാട്ടുകാര്‍ രൂപീകരിച്ചിട്ടുണ്ട്.

 

അതേസമയം, സംഭവത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിലായി. ഊർക്കടവിൽ കരാട്ടെ സ്ഥാപനം നടത്തുന്ന സിദിഖ് അലിയെയാണ് വാഴക്കാട് പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാൾ നിരന്തര പീഡനത്തിന് ഇരയാക്കിയിരുന്നതായി കുടുംബം പരാതി നൽകിയിരുന്നു. പിന്നാലെ ഇന്നലെ രാത്രിയോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

സിദ്ദീഖലി നേരത്തെയും പോക്സോ കേസിൽ റിമാൻഡിലായിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് കാണാതായ പ്ലസ് വൺ വിദ്യാർഥിനിയുടെ മൃതദേഹം രാത്രി 7 മണിയോടെ 100 മീറ്റർ അകലെ ചാലിയാറിലാണ് കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം കണ്ടെടുത്ത സ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷിയുടെ വെളിപ്പെടുത്തലോടെ മരണത്തില്‍ ദുരൂഹതയേറുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe