വിജയവാഡ: വീട്ടുതടങ്കൽ ഭയന്ന് കോൺഗ്രസ് ഓഫീസിൽ രാത്രി ഉറങ്ങി ആന്ധ്രപ്രദേശ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ വൈ.എസ് ശർമ്മിള റെഡ്ഡി. സർക്കാർ തന്നെ വീട്ടുതടങ്കലിൽ ആക്കാൻ ശ്രമിക്കുകയാണെന്നും അതിൽ നിന്നും രക്ഷപ്പെടാനാണ് കോൺഗ്രസ് ഓഫീസിൽ രാത്രി കഴിഞ്ഞതെന്നും വൈ.എസ്.ശർമ്മിള പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയാണ് വൈ.എസ്. ശർമ്മിള.
വിജയവാഡ ഓഫീസിലെ നിലത്ത് വൈ.എസ്.ശർമ്മിള കിടന്നുറങ്ങുന്നതിന്റെ വിഡിയോ പുറത്ത് വന്നിട്ടുണ്ട്. കോൺഗ്രസിന്റെ ചലോ സെക്രട്ടറിയേറ്റ് മാർച്ചിന് പിന്നാലെയാണ് ശർമ്മിളയെ അറസ്റ്റ് ചെയ്യുമെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.
യുവാക്കളുടെ തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് വൈ.എസ്.ശർമ്മിളയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ യുവാക്കളുടേയും വിദ്യാർഥികളുടേയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജഗ്മോഹൻ സർക്കാർ പൂർണ്ണ പരാജയമാണെന്ന് വൈ.എസ്.ശർമ്മിള ആരോപിച്ചിരുന്നു.