ലഖ്നോ: മുമ്പില്ലാത്ത വിധം കർശന നിരീക്ഷണത്തോടെ ഉത്തർപ്രദേശ് ബോർഡിനെ ഹൈസ്കൂൾ, ഇന്റർമീഡിയറ്റ് പരീക്ഷകൾ. കോപ്പിയടിയും ആൾമാറാട്ടവും മറ്റു തട്ടിപ്പുകളും തടയാൻ ലക്ഷ്യമിട്ട് കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയത്. ഇതോടെ ആദ്യ ദിനം തന്നെ മൂന്നു ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതാതെ മുങ്ങിയത്.
പരീക്ഷ ഹാളുകളിലെ വ്യാജ ഇൻസ്പെക്ടർമാരെ തടയുക ലക്ഷ്യമിട്ട് അധ്യാപകർക്കായി ബാർകോഡുകളുള്ള ഐ.ഡി കാർഡുകൾ സംസ്ഥാനത്ത് ആദ്യമായി വിതരണം ചെയ്തു. സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തി. പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തി. മാത്രമല്ല, ചോദ്യ പേപ്പറുകൾക്കടക്കം സുരക്ഷ നൽകി. പരീക്ഷ ഹാളുകൾ വിവിധ തലങ്ങളിൽ ഓൺലൈനായും നിരീക്ഷിക്കുന്നുണ്ടായിരുന്നു. ലഖ്നോവിലെ എജ്യുക്കേഷൻ ഡയറക്ടറേറ്റ്, പ്രയാഗ് രാജിലെ സെക്കൻഡറി എജ്യുക്കേഷൻ കോൺസിൽ ഹെഡ്ക്വാർട്ടേഴ്സ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ കമാൻഡ്, കൺട്രോൾ റൂമുകളും സജ്ജീകരിച്ചിരുന്നു.
ഇതോടെ ആദ്യ ദിനം തന്നെ 3,33,541 പേരാണ് പരീക്ഷ എഴുതാനെത്താതിരുന്നത്. ആൾമാറാട്ടം അടക്കം അഞ്ച് തട്ടിപ്പുകൾ പിടികൂടി.