ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളെ തിരുവല്ലയിൽ എത്തിച്ചു

news image
Feb 25, 2024, 9:18 am GMT+0000 payyolionline.in

തിരുവല്ല: തിരുവല്ലയിൽ നിന്നും ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതികളെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയ തൃശ്ശൂർ അന്തിക്കാട് സ്വദേശികളായ അതുൽ, അജിൽ, ഇവർക്ക് സഹായം ചെയ്തു നൽകിയ അന്തിക്കാട് സ്വദേശിയായ ജയരാജ് എന്നിവരെയാണ് ഇന്നുച്ചയ്ക്ക് 12.30ഓടെ തിരുവല്ലയിൽ എത്തിച്ചത്.

തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ പരീക്ഷക്ക് എത്തിയ വിദ്യാർഥിനിയെ ഇവർ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന അതുൽ ഇന്ന് പുലർച്ചെ നാലുമണിയോടെ പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷന് സമീപം എത്തിച്ചശേഷം മുങ്ങുകയായിരുന്നു. ഇയാളെ കെ.എസ്.ആർ.ടി.സി ബസ്സിൽ പോകും വഴി മൂവാറ്റുപുഴയിൽ നിന്നും പൊലീസ് പിടികൂടുകയായിരുന്നു.

ഇൻസ്റ്റഗ്രാം വഴിയാണ് പെൺകുട്ടി അതുലുമായി സൗഹൃദത്തിലായതെന്ന് പൊലീസ് പറഞ്ഞു. സൈബർ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കക്കം പ്രതികൾ വലയിലായത്. പിടിയിലായ പ്രതികൾക്ക് ലഹരി മാഫിയയുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.

തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദിന്‍റെ നിർദേശ പ്രകാരം എസ്.എച്ച്.ഒ ബി.കെ. സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എ.എസ്.ഐ ജോജോ ജോസഫ്, സി.പി.ഒമാരായ അവിനാശ് വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായ ചോദ്യം ചെയ്തതിനു ശേഷം കോടതിയിൽ ഹാജരാക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe