പരവൂർ: വായ്പയായി കോടികൾ സംഘടിപ്പിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത് നാടുവിട്ടയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം ഊന്നിൻമൂട് സ്വദേശി വിശാലിനെയാണ് (27) മുംബൈയിൽ നിന്ന് പരവൂർ പൊലീസ് പിടികൂടിയത്.
പൂതക്കുളം ഊന്നിൻമൂട് സ്വദേശിയായ വീട്ടമ്മയുടെ പരാതിയിൽ പരവൂർ പൊലീസ് കേസെടുക്കുകയായിരുന്നു. പൊലീസ് പറയുന്നത്: ബിസിനസ് ആരംഭിക്കാൻ വീട്ടമ്മക്ക് പണത്തിന് ആവശ്യമുണ്ടെന്നറിഞ്ഞ ബന്ധുകൂടിയായ വിശാൽ ഇവരെ സമീപിച്ചു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കോമൺവെൽത്ത് കമ്യൂണിറ്റി ട്രസ്റ്റ് (സിസിറ്റി) എന്ന സ്ഥാപനത്തിന്റെ എറണാകുളത്തത്തെ ശാഖയിൽനിന്ന് വായ്പ ശരിയാക്കാമെന്നും വിശ്വസിപ്പിച്ചു.
ഒരു കോടി രൂപക്ക് പ്രോസസിങ് ഫീസ്, കമീഷൻ തുടങ്ങിയ ഇനങ്ങളിലായി ആറ് ലക്ഷം രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇവർക്ക് ആവശ്യമുള്ള അഞ്ച് കോടിക്കുള്ള പ്രോസസിങ് ചാർജായി 28 ലക്ഷം രൂപ കൈപ്പറ്റി. വീട്ടമ്മയുടെ മകന്റെ വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിൽനിന്നാണ് തുക കൈമാറിയത്.
എന്നാൽ വായ്പ നൽകുകയോ കൈപ്പറ്റിയ തുക തിരിച്ചുകൊടുക്കുകയോ ചെയ്യാതെ മുംബൈയിലേക്ക് കടക്കുകയായിരുന്നു. പരവൂർ എസ്.എച്ച്.ഒ പ്രവീൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
മുംബെയിലെ ഡോമ്പാവാലിയിൽനിന്ന് സാഹസികമായി അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.ഐ സുജിത് നായർ, എസ്.ഐ ബിജു, സീനിയർ സി.പി.ഒ അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.