വൈദ്യുതി പ്രതിസന്ധി മറികടക്കാൻ 
ഒരുങ്ങി കെഎസ്‌ഇബി

news image
Feb 26, 2024, 4:15 am GMT+0000 payyolionline.in
തിരുവനന്തപുരം: വേനലിൽ വൈദ്യുതി ഉപയോഗം വർധിക്കുമ്പോഴുണ്ടാകുന്ന പ്രതിസന്ധി മറികടക്കാൻ വിവിധ മാർഗങ്ങൾ സ്വീകരിച്ച്‌ കെഎസ്‌ഇബി. മാർച്ച്‌ മുതൽ വൈദ്യുതി ഉപയോഗംകൂടി ഏപ്രിൽ, മെയ്‌ മാസങ്ങളിൽ 1200നുമുകളിൽ മെഗാവാട്ട്‌ വൈദ്യുതിയുടെ കുറവുണ്ടാകുമെന്ന്‌ മുൻകൂട്ടിക്കണ്ടാണ്‌ ഇടപെടൽ. അടിയന്തരമായി ആവശ്യമുള്ള വൈദ്യുതി ഹ്രസ്വകാല കരാർ, തിരിച്ചുകൊടുക്കാമെന്ന വ്യസ്ഥയിൽ വൈദ്യുതി വാങ്ങൽ (ബാങ്കിങ്) വഴി ലഭ്യമാക്കാനാണ്‌ ശ്രമം.

മാർച്ചിൽ 200 മെഗാവാട്ടിനും മേയിൽ 175 മെഗാവാട്ടിനുമുള്ള ഹ്രസ്വകാല കരാറുകൾക്ക് ധാരണയായി. ബാങ്കിങ് വഴി മാർച്ച്‌, ഏപ്രിൽ മാസങ്ങളിൽ 350 മെഗാവാട്ടും ഉറപ്പിച്ചിട്ടുണ്ട്‌. റഗുലേറ്ററി കമീഷൻ പുനഃസ്ഥാപിച്ച ദീർഘകാല കരാർ പ്രകാരമുള്ള 465 മെഗാവാട്ട്‌ വൈദ്യുതി നേടിയെടുക്കാനുള്ള ഇടപെടലും നടത്തുകയാണ്‌. ദീർഘകാല കരാർ പ്രകാരം കേന്ദ്രപൊതുമേഖലാ സ്ഥാപനമായ എൻടിപിസിയും സ്വകാര്യ കമ്പനികളായ ജിൻഡാൽ പവർ ലിമിറ്റഡ്‌, ജിൻഡാൽ  ഇന്ത്യാ തെർമൽ പവർ ലിമിറ്റഡ്‌ എന്നീ കമ്പനികളും വൈദ്യുതി നൽകാൻ ബാധ്യസ്ഥരായിട്ടും നിഷേധാത്മക നിലപാടെടുക്കുന്നത്‌ സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്‌.
കഴിഞ്ഞവർഷം ഡിസംബർ മുതൽ ഇവരിൽനിന്ന്‌ വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമീഷൻ അനുമതി നൽകിയെങ്കിലും നൽകില്ലെന്ന നിലപാടിലാണ്‌ കമ്പനികൾ. കരാർ പുനഃസ്ഥാപിച്ചുള്ള കമീഷൻ ഉത്തരവിനെതിരെ കമ്പനികൾ അപ്പലേറ്റ്‌ ട്രിബ്യൂണലിനെ സമീപിച്ചിട്ടുമുണ്ട്‌.

 

പുറത്തുനിന്ന്‌ വൈദ്യുതി വാങ്ങുന്നതിനു പുറമെ ആഭ്യന്തര വൈദ്യുതി ഉൽപ്പാദനം വർധിപ്പിക്കാനുള്ള തീവ്രപരിശ്രമവുമുണ്ട്‌. മെയ്‌മാസത്തിന്‌ മുമ്പേ തന്നെ 40 മെഗാവാട്ടിന്റെ  തോട്ടിയാർ ജലവൈദ്യുത പദ്ധതിലൂടെയും 60 മെഗാവാട്ടിന്റെ പള്ളിവാസൽ വിപുലീകരണ പദ്ധതിയിലൂടെയും 100 മെഗാവാട്ട്‌ ഉറപ്പിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇതിൽ  തോട്ടിയാറിൽ ആദ്യഘട്ട വൈദ്യുതി ഉൽപ്പാദനത്തിനായി ജനറേറ്ററിന്റെ മെക്കാനിക്കൽ സ്പിന്നിങ് ജനുവരി അഞ്ചിന്‌ പൂർത്തീകരിച്ചിരുന്നു. ഇവിടെനിന്ന്‌ 10 മെഗാവാട്ട്‌ വൈദ്യുതി ഉടൻ ഉൽപ്പാദിപ്പിക്കാനാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe