തിരുവനന്തപുരം> വിദ്യാർത്ഥികളിൽ സംരംഭകത്വം വളർത്താനും, വ്യവസായ-അക്കാദമിക് ബന്ധം ശക്തിപ്പെടുത്തുന്നതിനും കാമ്പസ് വ്യവസായ പാർക്ക്കൾ വഴിയൊരുക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ്.
വ്യവസായ ആവശ്യത്തിനുള്ള സ്ഥല ദൗർലഭ്യം പരിഹരിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കീഴിൽ ഉപയോഗശൂന്യമായി കിടക്കുന്ന ഭൂമി വ്യവസായ വികസനത്തിന് ഉപയോഗിക്കുന്നതിനും ഇത് സഹായകരമാകും. സംസ്ഥാനത്തിന്റെ വ്യവസായ മുന്നേറ്റത്തെ വൻ തോതിൽ ശക്തിപ്പെടുത്തുന്നതാണ് കാമ്പസ് വ്യവസായ പാർക്കുകൾ എന്നും മന്ത്രി പറഞ്ഞു.
ചുരുങ്ങിയത് അഞ്ച് ഏക്കർ ഭൂമി കൈവശമുള്ള സർവ്വകലാശാലകൾ, ആർട്ട്സ് ആൻഡ് സയൻസ് കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്, കാമ്പസ് വ്യവസായ പാർക്കുകൾ തുടങ്ങാം. സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് രണ്ട് ഏക്കർ മതിയാകും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ചുമതലപ്പെടുത്തുന്ന സംവിധാനങ്ങൾക്കും അപേക്ഷിക്കാം. ഇതിനായി ഡവലപ്പർ പെർമിറ്റിന് അപേക്ഷ നൽകണം. വ്യവസായ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ധനകാര്യ വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ വകുപ്പ്, ജലവിഭവവകുപ്പ്, ഊർജ്ജ പരിസ്ഥിതി വകുപ്പുകൾ എന്നിവയുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സംസ്ഥാന തല സെലക്ഷൻ കമ്മിറ്റി അപേക്ഷകളിൽ തീരുമാനമെടുക്കും. ജില്ലാ തലത്തിൽ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയുടെ സ്ഥല പരിശോധനക്കു ശേഷമാകും അപേക്ഷകളിൽ തീരുമാനമെടുക്കുക. വ്യാവസായി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ഭൂമിയാകുമെന്ന് ഉറപ്പുവരുത്തും.
അനുമതി ലഭിക്കുന്ന പാർക്കുകളിൽ റോഡുകൾ, വൈദ്യുതി, മാലിന്യ നിർമ്മാർജ്ജനം തുടങ്ങി പൊതു സൗകര്യങ്ങൾ ഒരുക്കുന്നതിന് 1.5 കോടി രൂപ വരെ സർക്കാർ അനുവദിക്കും. സ്റ്റാൻ്റേഡ് ഡിസൈൻ ഫാക്ടറികൾക്കും ഈ തുക നൽകും. പാർക്കുകളിലെ ഉൽപാദന യൂണിറ്റുകൾക്ക് ഇൻസൻ്റീവും പരിഗണിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ എൻഒസി ലഭിക്കുന്ന സ്ഥാപനങ്ങൾക്കാണ് കാമ്പസ് പാർക്കുകൾ ആരംഭിക്കാനാവുക. അനുമതി ലഭിക്കുന്ന പാർക്കുകൾക്ക് വ്യവസായ മേഖലാ പദവിക്കും അർഹതയുണ്ടാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമി പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഭൂമി ഉറപ്പുവരുത്തിയതിനു ശേഷം ലഭിക്കുന്ന അധിക ഭൂമിയിൽ ആയിരിക്കും പാർക്കുകൾ ആരംഭിക്കുക പരിസ്ഥിതി സൗഹൃദമായ പാർക്കുകൾ ആയിരിക്കും ഇവ വിദ്യാർത്ഥികൾക്ക് അപ്രന്റിസ് അവസരവും ഇതിലൂടെ ലഭിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയ സ്വഭാവത്തിന് അനുസൃതമായ പാർക്കുകൾ ആരംഭിക്കാൻ മുൻഗണന നൽകുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.