ആലുവ: വന്ദേഭാരത് എക്‌സ്‌പ്രസിൽ പുകയുയർന്നത് യാത്രക്കാരെയും റെയിൽവേ അധികൃതരെയും ആശങ്കയിലാഴ്‌ത്തി. സംഭവത്തിനുപിന്നിൽ യാത്രക്കാരിൽ ഒരാളുടെ പുകവലി. തിരുവനന്തപുരം– കാസർകോട് വന്ദേഭാരതിലാണ് സംഭവം. രാവിലെ 8.55ന് ട്രെയിൻ കളമശേരി പിന്നിട്ടപ്പോഴാണ് സംഭവം. സി 5 കോച്ചിലാണ് ആദ്യം പുകയുണ്ടായത്.
ഇതോടെ ഓട്ടോമാറ്റിക് സെൻസർ പ്രവർത്തിച്ച്, ട്രെയിൻ തനിയെ നിന്നു. അലാറവും മുഴങ്ങി. ട്രെയിനിലെ ഫയർ എക്‌സിസ്റ്റിഗ്യുഷർ കൂടി പ്രവർത്തിച്ചതോടെ പുക പുറത്തേക്കുവന്നു. ഇത് ബോഗിയിൽ നിറഞ്ഞു. ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ട ചില യാത്രക്കാരെ മറ്റൊരു ബോഗിയിലേക്ക് മാറ്റി. ഏഴ് മിനിറ്റ് ട്രെയിൻ നിർത്തിയിട്ടു. തുടർന്ന് സാവധാനം ആലുവ സ്‌റ്റേഷനിലെത്തിച്ച് പരിശോധിച്ചു. സി 5 കോച്ചിലെ ശൗചാലയത്തിലിരുന്ന് യാത്രക്കാരിൽ ആരോ സിഗററ്റ് വലിച്ചതാണ് കാരണമെന്നാണ് റെയിൽവേയുടെ കണ്ടെത്തൽ.
ട്രെയിനിലെ എസി യൂണിറ്റിൽനിന്നുള്ള ചോർച്ചയാകാം ബോഗിക്കുള്ളിലെ പുകയ്ക്ക് കാരണമായതെന്നാണ് യാത്രക്കാർ ആദ്യം കരുതിയത്. ട്രെയിനിലെ ഓട്ടോമാറ്റിക് സംവിധാനങ്ങൾ ആലുവയിൽവച്ച് റീസെറ്റ് ചെയ്തശേഷമാണ് വീണ്ടും പുറപ്പെട്ടത്. തീപിടിത്തമോമറ്റോ കാരണം പുക ഉയർന്നാൽ തിരിച്ചറിയാനുള്ള സംവിധാനമാണ് ഓട്ടോമാറ്റിക് സെൻസർ. ആകെ 25 മിനിറ്റാണ് ട്രെയിൻ വൈകിയത്.
യാത്രക്കാരെയും റെയിൽവേയും ആശങ്കയിലാക്കിയ, പുകവലിച്ച യാത്രക്കാരനെ കണ്ടെത്താൻ കഴിഞ്ഞില്ല. ആർപിഎഫ് ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ട്രെയിൻ വൈകിയതുമൂലം റെയിൽവേയ്‌ക്കുണ്ടായ നഷ്ടം യാത്രക്കാരനിൽനിന്ന് ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.