കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിലെ മുഖ്യപ്രതികളിലൊരാൾ പിടിയിൽ. ഒന്നാം വർഷ വിദ്യാർഥിയായ അഖിലിനെയാണ് പാലക്കാട് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ സസ്പെൻഡ് ചെയ്ത വിദ്യാർഥികളിൽ 11 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കുമെന്ന് സൂചനയുണ്ട്. കസ്റ്റഡിയിലുള്ള ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ബത്തേരി സ്വദേശി ബിൽഗേറ്റ് ജോഷ്വാ (23), ഇടുക്കി സ്വദേശി അഭിഷേക് എസ് (23), തിരുവനന്തപുരം സ്വദേശി ആകാശ് എസ്.ഡി. (22), തൊടുപുഴ സ്വദേശി ഡോൺസ് ഡായി (23), തിരുവനന്തപുരം സ്വദേശി രഹൻ ബിനോയ് (20), തിരുവനന്തപുരം സ്വദേശി ശ്രീഹരി ആർ.ഡി (23) എന്നിവരെയാണ് കൽപ്പറ്റ ഡിവൈ.എസ്.പി ടി.എൻ. സജീവൻ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. എല്ലാവരും എസ്.എഫ്.ഐ പ്രവർത്തകരാണ്. അന്യായമായി തടഞ്ഞുവെക്കൽ, അടിച്ചു പരിക്കേൽപിക്കൽ, റാഗിങ്ങ്, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടും.
പ്രതികളെ സി.പി.എം സംരക്ഷിക്കുകയാണെന്ന് സിദ്ധാർത്ഥന്റെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു. കഴിഞ്ഞ 18നാണ് രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.