‘പാർലമെന്റ് ലോഗിൻ വിൽക്കാൻ ശ്രമിച്ചയാൾ’; മഹുവ മൊയ്‌ത്രയെ ‘വിടാതെ’ സുവേന്ദു അധികാരി

news image
Mar 2, 2024, 11:25 am GMT+0000 payyolionline.in

കൃഷ്ണനഗർ∙ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയ്‌ക്കെതിരായ ‘ആക്രമണം’ തുടർന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. ബംഗാളിലെ നാദിയ ജില്ലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ, മഹുവയെ സുവേന്ദു അധികാരി ‘പാർലമെന്റിലെ ലോഗിൻ വിവരങ്ങൾ വിൽക്കാൻ ശ്രമിച്ചവൾ’ എന്ന് വിശേഷിപ്പിച്ചു. മഹുവ മൊയ്‌ത്ര പ്രതിനിധീകരിച്ചിരുന്ന കൃഷ്ണനഗർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ് പൊതുപരിപാടി നടന്ന നാദിയ. ചോദ്യത്തിന് കോഴ വിവാദത്തിൽ കുറ്റക്കാരിയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് മഹുവയുടെ ലോക്സഭാംഗത്വം റദ്ദാക്കിയിരുന്നു.

 

 

‘‘ഇവിടെ നിന്നുള്ള എംപിക്ക് അംഗത്വം നഷ്ടപ്പെട്ടു. നമ്മുടെ പാർലമെന്റിന്റെ ലോഗിൻ വിവരങ്ങൾ അവർ വിൽക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു ഇത്’’ – സുവേന്ദു അധികാരി പറഞ്ഞു. മഹുവയെപ്പോലുള്ള നേതാക്കളോടുള്ള ജനരോഷവും പ്രധാനമന്ത്രിയുടെ പ്രസംഗവും എൻഡിഎയെ ഇത്തവണ നാനൂറിലധികം സീറ്റ് നേടാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചോദ്യങ്ങൾ ഉന്നയിക്കാൻ ദുബായിലെ വ്യവസായി ദർശൻ ഹിരാനന്ദാനിക്കു മഹുവ മൊയ്ത്ര ലോക്സഭാ പോർട്ടലിന്റെ ലോഗിൻ വിവരങ്ങൾ കൈമാറിയത് രാജ്യസുരക്ഷയെ ബാധിക്കുന്നതും സഭയുടെ അന്തസ്സിനെ ഹനിക്കുന്നതുമാണെന്ന് ബിജെപി അംഗം വിനോദ് സോൻകർ അധ്യക്ഷനായ എത്തിക്സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. മഹുവയ്‌ക്കെതിരായ എത്തിക്സ് കമ്മറ്റി റിപ്പോർട്ട് ലോക്സഭയിൽ ചർച്ചയ്ക്കു വച്ച ശേഷമായിരുന്നു പുറത്താക്കൽ. മഹുവയെ പുറത്താക്കാൻ സഭയ്ക്ക് അധികാരമില്ലെന്ന് തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എംപിമാർ വാദിച്ചെങ്കിലും ഫലമുണ്ടായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe