സിദ്ധാർഥന്‍റെ മരണം: നാളെ കെ.എസ്.യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

news image
Mar 4, 2024, 10:29 am GMT+0000 payyolionline.in

തിരുവനന്തപുരം: സിദ്ധാർഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പൂക്കോട് വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ.എസ്.യു ആഹ്വാനം. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്.

എസ്.എഫ്.ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാവാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.എസ്.യു മാർച്ച് നടത്തിയത്. ഈ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു.

 

അതേസമയംഷ സിദ്ധാർഥന്‍റെ മരണത്തിനെതുടർന്ന് കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്‍റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം.പി എന്നിവർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

 

എസ്.എഫ്.ഐ അരും കൊല ചെയ്ത സിദ്ധാർഥന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കുക, സിദ്ധാർഥന്റെ കൊലപാതകത്തിനു ഉത്തരവാദിയായ ഡീൻ എം.കെ. നാരായണനെ പുറത്താക്കി പ്രതി ചേർക്കുക, കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചു വിടുക, സിദ്ധാർഥന്റെ കൊലപാതകത്തിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച മുൻ എം.എൽ.എ സി.കെ. ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കുക, കോളജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് എസ്.എഫ്.ഐ നടത്തുന്ന ലഹരിക്കടത്ത് അന്വേഷിക്കുക, ഹോസ്റ്റലുകളിൽ അന്യായമായി താമസിച്ചു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പാർട്ടി ഗ്രാമങ്ങളാക്കുന്ന എസ്.എഫ്.ഐ ശ്രമങ്ങൾ പ്രതിരോധിക്കുവാൻ സ്ഥിരം സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരമെന്നും അലോഷ്യസ് സേവ്യർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe