ഷിയാസിനെ ജയിലില്‍ അടയ്ക്കണമെന്ന് പൊലീസിന് വാശി, പൊലീസുകാര്‍ ഇങ്ങനെ ചിരിപ്പിക്കരുത് -വി.ഡി. സതീശൻ

news image
Mar 6, 2024, 11:40 am GMT+0000 payyolionline.in

കൊച്ചി: പൊലീസ് ജാമ്യമില്ലാത്ത കേസ് മനപൂര്‍വം ഉണ്ടാക്കി കൊലപ്പുള്ളിയെ പോലെയാണ് ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്‍നാടന്‍ എം.എല്‍.എയെയും പിടിച്ചുകൊണ്ടു പോയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

കൊലപ്പുള്ളിയെ പോലെ പൊലീസ് അറസ്റ്റു ചെയ്ത ഇരുവർക്കും കോടതി ജാമ്യം നല്‍കിയതിനു പിന്നാലെ മറ്റൊരു കേസുണ്ടാക്കി അറസ്റ്റു ചെയ്യാനാണ് പൊലീസ് പുറത്തു നിന്നത്. ഡി.സി.സി അധ്യക്ഷനെ പിടിച്ചു കൊണ്ടു പോയതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലാണ് ഡി.സി.സി അധ്യക്ഷനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരിക്കുന്നത്. പൊലീസുകാര്‍ ഇങ്ങനെ ചിരിപ്പിക്കരുത്. നിങ്ങളുടെ ഗൗരവം പോകും. ഷിയാസിനെ വീണ്ടും ജയിലില്‍ അടയ്ക്കണമെന്ന വാശിയാണ്. ഇങ്ങനെയൊന്നും സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ട -അദ്ദേഹം പറഞ്ഞു.

സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്. വന്യജീവി ആക്രമണങ്ങള്‍ തുടരുമ്പോഴും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. മരപ്പട്ടി ശല്യത്തില്‍ അസ്വസ്ഥനാകുന്ന മുഖ്യമന്ത്രിക്ക് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തെ കുറിച്ച് എന്തെങ്കിലും ചിന്തയുണ്ടോ? ഹ്രസ്വ കാലത്തേക്കോ ദീര്‍ഘകാലത്തേക്കോ എന്തെങ്കിലും പദ്ധതികളുണ്ടോ? മര്യാദയ്ക്ക് ഒരു യോഗം പോലും വിളിച്ചിട്ടില്ല. മരപ്പട്ടിയുടെ കാര്യത്തിലുള്ള ഗൗരവമെങ്കിലും വന്യജീവികള്‍ കൊലപ്പെടുത്തുന്ന മനുഷ്യരെക്കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും മുഖ്യമന്ത്രിക്ക് വേണമെന്നതാണ് ഞങ്ങളുടെ അഭ്യര്‍ത്ഥന -സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe