ന്യൂഡൽഹി: മലയാളിയായ മനോജ് ചാക്കോയുടെ വിമാനകമ്പനി ഫ്ലൈ 91ന് എയർ ഓപ്പറേറ്റർ പെർമിറ്റ് അനുവദിച്ച് ഡി.ജി.സി.എ. ഇതോടെ ലക്ഷദ്വീപ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് വിമാന കമ്പനി സർവീസ് തുടങ്ങും. ഫ്ലൈ 91 തന്നെയാണ് ഡി.ജി.സി.എയുടെ അനുമതി ലഭിച്ച വിവരം അറിയിച്ചത്.
സർവീസുകളുടെ ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ മനോജ് ചാക്കോ അറിയിച്ചു. കേന്ദ്രസർക്കാറിന്റെ ഉഡാൻ പദ്ധതിയിൽ വരുന്ന റൂട്ടുകളാണ് വിമാന കമ്പനിക്ക് അനുവദിച്ചിരിക്കുന്നത്. സിന്ധുദുർഗ്, ജൽഗാവ്, നന്ദേഡ്, അഗത്തി എന്നീ സ്ഥലങ്ങളിലേക്ക് ബംഗളൂരു, പൂണെ, ഗോവ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നും സർവീസുണ്ടാകും.
എ.ടി.ആറിന്റെ 72-600 വിമാനങ്ങൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക. ഇതിനായി ദുബൈ എയ്റോ സ്പേസിൽ നിന്നും കമ്പനി വിമാനങ്ങൾ വാടകക്കെടുത്തിട്ടുണ്ട്. ഗോവയിലെ മനോഹർ ഇന്റർനാഷണൽ എയർപോർട്ട് കേന്ദ്രീകരിച്ചാവും കമ്പനിയുടെ പ്രവർത്തനം.
അഞ്ച് വർഷത്തിനുള്ളിൽ 50 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് ഫ്ലൈ 91 ഒരുങ്ങുന്നത്. 30 വിമാനങ്ങളും ഇക്കാലയളവിൽ കമ്പനി കൂട്ടിച്ചേർക്കും. എമിറേറ്റ്സിലും കിങ്ഫിഷറിലും ജോലി ചെയ്ത് പരിചയമുള്ള മനോജ് ചാക്കോ തന്നെയാവും പുതിയ വിമാന കമ്പനിയെ നയിക്കുക. മനോജ്ചാക്കോയുടെ കാലത്താണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ എയർലൈനായി കിങ്ഫിഷർ വളർന്നത്.
മുൻ ഫെയർഫാക്സ് ഇന്ത്യ മേധാവി ഹർഷ രാഘവന്റെ പിന്തുണയും വിമാനകമ്പനിക്കുണ്ട്. ഹർഷ് രാഘവന്റെ സ്ഥാപനമായ കൺവെർജെന്റ് ഫിനാൻസ് കമ്പനിയിൽ 200 കോടി നിക്ഷേപിച്ചിട്ടുണ്ട്.