കട്ടപ്പനയിലെ ഇരട്ടക്കൊല; വീടിലെ മുറിയുടെ തറ കുഴിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

news image
Mar 10, 2024, 8:47 am GMT+0000 payyolionline.in

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവിനെയും ഗൃഹനാഥനെയും കൊലപ്പെടുത്തിയ കേസിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. കക്കാട്ടുകടയിലെ വാടക വീടിലെ മുറിയുടെ തറ കുഴിച്ച് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്. കൊല്ലപ്പെട്ട വിജയന്‍റേത് എന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥികളുമാണ് കണ്ടെത്തിയത്.പാന്‍റ്സ്, ഷര്‍ട്ട്, ബെല്‍റ്റ് എന്നിവയുടെ ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. വിജയനെ കൊന്ന് മുറിക്കുള്ളില്‍ കുഴിച്ചിട്ടെന്നാണ് പ്രതിയുടെ മൊഴി. വിജയനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റികയും പൊലീസ് കണ്ടെത്തി. പ്രതി നിതീഷുമായി പൊലീസിന്‍റെ തെളിവെടുപ്പ് തുടരുകയാണ്.

കട്ടപ്പനയിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് റിമാൻഡിലായിരുന്ന നിതീഷിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് മോഷണക്കേസിൽ ഒപ്പം പിടിയിലായ വിഷ്ണുവിൻ്റെ അച്ഛൻ വിജയനെയും വിഷ്ണുവിൻ്റെ സഹോദരിയുടെയും നിതീഷിൻ്റെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്ന് സമ്മതിച്ചത്. വിജയനെ കക്കാട്ടുകടയിൽ ഇവർ താമസിച്ചിരുന്ന വാടക വീട്ടിനുള്ളിൽ കുഴിച്ചിട്ടതായാണ് നിതീഷ് പൊലീസിന് നല്‍കിയ മൊഴി. നവജാത ശിശുവിനെ മുമ്പ് താമസിച്ചിരുന്ന സാഗര ജംഗ്ഷനിലുള്ള വീടിന് സമീപം കുഴിച്ചിട്ടുവെന്നും നിതീഷ് പൊലീസോട് പറഞ്ഞു. 2016 ലാണ് നീതീഷിൻ്റെ അഞ്ച് ദിവസം മാത്രം പ്രായമുണ്ടായിരുന്ന പിഞ്ച് കുഞ്ഞിനെ കൊലപ്പെടുത്തിയത്. ആഭിചാര ക്രിയകളുടെ ഭാഗമായി നടന്ന കൊലപാതമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയതിന് നിതീഷിനെതിരെ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന്  പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe