തിരുവനന്തപുരം∙ കേരള സർവകലാശാല കലോത്സവം നിർത്തിവയ്ക്കാന്‍ വൈസ് ചാൻസലർ നിർദേശിച്ചു. സമാപന സമ്മേളനവും ഉണ്ടാകില്ല. ഇനി മത്സരങ്ങൾ നടത്തേണ്ടെന്നും വിധി പ്രഖ്യാപിക്കേണ്ടതില്ലെന്നും വിസി മോഹനൻ കുന്നുമ്മൽ നിർദേശിച്ചു. മത്സര ഫലത്തെക്കുറിച്ചു വ്യാപക പരാതി ഉയരുകയും വിദ്യാർഥികള്‍ പ്രതിഷേധിക്കുകയും ചെയ്തതോടെയാണു വിസി നിർദേശം നൽകിയത്. ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. കലോത്സവം ആരംഭിച്ച ദിവസം മുതൽ വിവാദങ്ങളും ആരംഭിച്ചിരുന്നു. ഫലപ്രഖ്യാപനത്തിനു പണം വാങ്ങിയെന്ന് ആരോപിച്ച് 3 വിധികർത്താക്കളെ പൊലീസ് അറസ്റ്റു ചെയ്തു. പിന്നാലെ, തങ്ങളെ എസ്എഫ്ഐക്കാർ മർദിച്ചെന്ന് ആരോപിച്ച് കെഎസ്യുക്കാർ ഇന്നലെ മത്സരവേദിയിൽ പ്രതിഷേധിച്ചിരുന്നു.
ഒപ്പന മത്സരത്തിൽ വിധി നിർണയിച്ചതു ശരിയല്ലെന്ന് ആരോപിച്ചാണു വിദ്യാർഥികൾ ഇന്നു പ്രതിഷേധിച്ചത്. അപ്പീൽ പോലും പരിഗണിച്ചില്ലെന്നു വിദ്യാർഥികൾ പറഞ്ഞു. തിരുവാതിര, മാർഗം കളി മത്സരത്തിനെതിരെയും പരാതി ഉയർന്നു. മത്സരത്തിന്റെ വിഡിയോ കണ്ട് തീരുമാനമെടുക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. ഇന്ന് സമാപന സമ്മേളനം നടക്കേണ്ടതായിരുന്നു. കലോത്സവത്തിലെ മത്സരങ്ങൾ കാണാനെത്തിയ കെഎസ്യു പ്രവർത്തകരെ കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രവർത്തകർ വളഞ്ഞിട്ടു മർദിച്ചിരുന്നു. വേദിക്കു സമീപത്തായിരുന്നു മർദനം. ലോ കോളജിലെ യൂണിറ്റ് സെക്രട്ടറി നിതിൻ തമ്പി, റൂബിൻ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കണ്ടാലറിയാവുന്ന 10 പേർ ഉൾപ്പെടെ 16 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. അക്രമത്തിൽ പ്രതിഷേധിച്ചു കെഎസ്യു പ്രവർത്തകർ കലോത്സവ വേദിയിൽ പ്രതിഷേധിച്ചു. പ്രതിഷേധിച്ച 19 കെഎസ്യു പ്രവർത്തകർക്കെതിരെയും കേസെടുത്തു. കെഎസ്യു യൂണിയൻ ഭരിക്കുന്ന കോളജുകളിലെ പ്രവർത്തകരെ ആദ്യദിനം മുതൽ എസ്എഫ്ഐ പ്രവർത്തകർ തിരഞ്ഞുപിടിച്ചു മർദിക്കുന്നതായി കെഎസ്യു ആരോപിച്ചിരുന്നു. വിധികർത്താക്കളെയും വിദ്യാർഥികളെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നതായി ആരോപിച്ച് മാർ ഇവാനിയോസ് കോളജ് പ്രിൻസിപ്പൽ ചാൻസലറായ ഗവർണർക്ക് പരാതി നൽകിയിരുന്നു.