മിഷേലിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; നടന്റെ മകന് പങ്കുണ്ടെന്ന സംശയം ആവർത്തിച്ച് പിതാവ്

news image
Mar 11, 2024, 9:39 am GMT+0000 payyolionline.in

കൊച്ചി ∙ കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സിഎ വിദ്യാർഥിനി മിഷേൽ ഷാജിയുടെ ദുരൂഹമരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. സർക്കാരിന് ഇക്കാര്യത്തിൽ ഒളിക്കാനൊന്നുമില്ലെങ്കിൽ എത്രയും വേഗം സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇതല്ലെങ്കിൽ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും പിതാവ് ഷാജി വർഗീസ് വ്യക്തമാക്കി. 2017 മാർച്ച് അഞ്ചിന് വൈകിട്ട് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്നാണ് കൊച്ചി കായലിൽ കണ്ടെത്തിയത്. ഇത് കൊലപാതകമാണെന്ന് കുടുംബവും ആത്മഹത്യയാണെന്ന് പൊലീസും ആവർത്തിക്കുന്ന സാഹചര്യത്തിൽ തങ്ങളുടെ പോരാട്ടം ശക്തമാക്കാനൊരുങ്ങുകയാണ് മിഷേലിന്റെ കുടുംബം.

ലോക്കൽ പൊലീസ് അന്വേഷിച്ച് ആത്മഹത്യയെന്ന് വിശേഷിപ്പിച്ച മിഷേലിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. എന്നാൽ ഇത്ര കാലം കഴി​ഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്ന് ഷാജി വർഗീസിനൊപ്പം മാധ്യമങ്ങളെ കണ്ട അനൂപ് ജേക്കബ് എംഎൽഎ ചൂണ്ടിക്കാട്ടി. മിഷേലിന്റെ മരണത്തിലെ ദുരൂഹത നീക്കിക്കിട്ടുക എന്നത് നീതിയുടെ പ്രശ്നമാണെന്ന് അനൂപ് ജേക്കബ് പറഞ്ഞു. തനിക്കൊപ്പവും അല്ലാതെയും മിഷേലിന്റെ കുടുംബം മൂന്നു വട്ടം മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇന്നും തീരുമാനമുണ്ടായിട്ടില്ല എന്നു മാത്രമല്ല, സിബിഐ അന്വേഷണം ഉണ്ടാവില്ല എന്നാണ് പറഞ്ഞതെന്നും അനൂപ് ജേക്കബ് പറഞ്ഞു. മിഷേലിനെ കൊലപ്പെടുത്തിയതാണ് എന്നതിൽ യാതൊരു സംശയവുമില്ലെന്നും കൊലപാതകം മാത്രമല്ല, ഇതിന് കൂട്ടുനിന്ന എറണാകുളം സെൻട്രൽ, കസബ, വനിത പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാർക്കെതിരെ നടപടി വേണമെന്നും ഷാജി വർഗീസ് ആവശ്യപ്പെട്ടിട്ടുണ്ട്. നവകേരള സദസ്സ് പിറവത്തു നടന്നപ്പോഴും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് കുടുംബം രംഗത്തു വന്നിട്ടുള്ളത്. എന്നാൽ ഇത് യാദൃച്ഛികമായി സംഭവിച്ചതല്ലെന്നും ഉന്നതതലങ്ങളിൽ നിന്നുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ വിധത്തിൽ പെരുമാറിയിട്ടുളളതെന്നും പിതാവ് ആരോപിച്ചു.  ഒരു നടന്റെ മകന് മിഷേലിന്റെ മരണത്തിൽ പങ്കുണ്ടെന്ന സംശയം ഷാജി വർഗീസ് വീണ്ടും ഉന്നയിച്ചു. മിഷേലിനെ കാണാതായതു മുതൽ കഴിഞ്ഞ ഏഴു വർഷമായി കുടുംബം ആ മരണത്തിനു പിന്നാലെ അലയുകയാണ്. മകളുടെ മരണത്തിലെ ദുരൂഹത നീക്കിക്കിട്ടണമെന്ന മാതാപിതാക്കളുടെ ആവശ്യം നിരാകരിക്കേണ്ട കാര്യം സർക്കാരിനില്ലെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കാൻ തടസ്സം കാണിക്കേണ്ടതില്ല. അങ്ങനെയല്ലെങ്കിൽ സര്‍ക്കാരിന് എന്തോ ഒളിക്കാനുണ്ടെന്നാണ് കരുതേണ്ടതെന്നും ഷാജി വർഗീസ് പറഞ്ഞു.

പൊലീസിനെതിരെ ആരോപണങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ടാണ് ഷാജി വര്‍ഗീസ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. മകൾ  അഞ്ചാം തീയതി വൈകിട്ട് കാണാനില്ലെന്ന വിവരം കിട്ടിയപ്പോൾ തന്നെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പരിശോധിക്കാൻ ആവശ്യപ്പെട്ടെങ്കിലും പൊലീസ് അതിന് തയാറായില്ല. ‘‘അന്ന് പൊലീസ് ആ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചിരുന്നെങ്കില്‍ എന്റെ മകൾ മരിക്കില്ലായിരുന്നു. സൈബർ സെൽ ഒക്കെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സമയമായിട്ടു കൂടി പൊലീസ് അതിനു തയാറായില്ല’’, ഷാജി ജേക്കബ് പറഞ്ഞു. മിഷേൽ കലൂർ പള്ളിയിലേക്കു പോയി എന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ സഹായിക്കണമെന്നും പറഞ്ഞപ്പോൾ തനിയെ പോയി പരിശോധിച്ചാൽ മതിയെന്നായിരുന്നു പൊലീസിന്റെ സമീപനം. അവിടെ പോയി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കൊണ്ടുകൊടുത്തിട്ടും മൊബൈൽ ലൊക്കേഷൻ പരിശോധിക്കാനോ അന്വേഷണം നടത്താനോ തയാറായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും കിട്ടുന്നതിന് മുമ്പ് അന്നത്തെ സിഐ അനന്ത്‍ലാൽ പ്രഖ്യാപിച്ചത് മിഷേൽ ആത്മഹത്യ ചെയ്തതാണ് എന്നാണ്. ഇതെങ്ങനെ? ഒന്നാം ഗോശ്രീ പാലത്തിൽ നിന്ന് ചാടി എന്ന് ആദ്യ ദിവസം പറഞ്ഞ സിഐ, അവിടെ വെള്ളമില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ രണ്ടാം പാലത്തിൽ നിന്ന് ചാടി മരിച്ചു എന്ന് മാറ്റിയത് എന്തുകൊണ്ട്? മിഷേലിനെ കാണാതായ മാർച്ച് അഞ്ചിനാണ് പൊലീസിനെ സമീപിച്ചത് എന്നിരിക്കെ, അത് ആറിന് വൈകുന്നേരം 5.58ന് എന്നാക്കിയതിന്റെ കാരണം എന്താണ്? എന്തുകൊണ്ടാണ് എറണാകുളം ജനറൽ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം കളമശ്ശേരി മെ‍ഡിക്കൽ കോളജിലേക്ക് മാറ്റിയത്? തുടങ്ങി ഒട്ടേറെ ചോദ്യങ്ങളാണ് മിഷേലിന്റെ കുടുംബം വീണ്ടും ഉയർത്തിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe