ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് മുമ്പ് തന്നെ പൗരത്വ നിയമഭേദഗതി ചട്ടങ്ങൾ വിജ്ഞാപനം ചെയ്യുകയായിരുന്നു ലക്ഷ്യം.
ഇന്ന് പൗരത്വ ഭേദഗതി നിയമം (സി.എ.എ) കേന്ദ്രം വിജ്ഞാപനം ചെയ്തേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഫെബ്രുവരി അവസാന വാരം തന്നെ ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരുന്നു. മാർച്ച് ആദ്യവാരത്തിൽ സി.എ.എ കേന്ദ്രസർക്കാർ നടപ്പാക്കിയേക്കുമെന്നും ഇതിനായുള്ള ഓൺലൈൻ പോർട്ടൽ സജ്ജമായതായും ട്രയൽ റൺ നടക്കുന്നതായുമുള്ള വിവരങ്ങളാണ് പുറത്തുവന്നിരുന്നു. മാത്രമല്ല, ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സി.എ.എയുടെ ചട്ടങ്ങൾ പുറപ്പെടുവിച്ച് നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.
പൗരത്വ ഭേദഗതി നിയമം
2019ലാണ് പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ മൂന്ന് അയൽരാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ പ്രത്യേക വകുപ്പുകൾ ഉൾക്കൊള്ളുന്ന നിയമം പാർലമെന്റ് പാസാക്കിയത്. 2020 ജനുവരി 10ന് നിയമം നിലവിൽ വന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. കോവിഡ് മഹാമാരിയും നിയമം നടപ്പാക്കുന്നത് മാറ്റിവെക്കാൻ കാരണമായി.
നിയമപ്രകാരം 2014 ഡിസംബർ 31നുമുമ്പ് കുടിയേറിയ ഹിന്ദു, സിഖ്, ജയിൻ, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളെയാണ് പൗരത്വത്തിന് പരിഗണിക്കുക. പൗരത്വത്തിനായി മതം പരിഗണിക്കുന്നതും നിയമത്തിന്റെ പരിധിയിൽനിന്ന് മുസ്ലിംകളെ ഒഴിവാക്കിയതും വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ഇത് കാരണമായി. രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. നിയമം നടപ്പാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പെടെ സംസ്ഥാനങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.