തിരുവനന്തപുരം: 2024 – 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത് നടക്കും. മന്ത്രി വി ശിവൻകുട്ടിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ചടങ്ങിൽ ആന്റണി രാജു എം.എൽ.എ അധ്യക്ഷനാകും. മന്ത്രി ജി ആർ അനിൽ മുഖ്യാതിഥിയായി പങ്കെടുക്കും. തിരുവനന്തപുരം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കോട്ടൺഹില്ലിൽ രാവിലെ 11 നാണ് പരിപാടി.
2024 അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നേ അവധിക്കാലത്ത് കുട്ടികൾക്ക് വരുന്ന അധ്യയന വർഷത്തേക്കുള്ള പാഠഭാഗങ്ങൾ പരിചയപ്പെടുത്തുന്നതിന് വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് തയാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളുടെ പാഠപുസ്തകങ്ങൾ വിതരണം ആരംഭിക്കുവാൻ തീരുമാനിച്ചത്. 2024 – 25 വർഷം പുതുക്കുന്ന ഒന്ന്, മൂന്ന്, അ്്ച്, ഏഴ്, ഒമ്പത് ക്ലാസുകളുടെ പാഠപുസ്തകങ്ങൾ മെയ് മാസം ആരംഭത്തിൽ കുട്ടികൾക്ക് ലഭ്യമാക്കാൻ ആവശ്യമായ ഒരുക്കങ്ങൾ നടന്നു വരികയാണെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.