എറണാകുളം ഡി.സി.സി അധ്യക്ഷനെതിരെ കോടതി വിമര്‍ശനം ഉണ്ടായെന്നത് തെറ്റായ വാര്‍ത്തയെന്ന് വി.ഡി സതീശൻ

news image
Mar 12, 2024, 10:23 am GMT+0000 payyolionline.in

 

കൊച്ചി: എറണാകുളം ഡി.സി.സി അധ്യക്ഷനെതിരെ കോടതി വിമര്‍ശനം ഉണ്ടായെന്നത് തെറ്റായ വാര്‍ത്തയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പൊലീസിനെതിരെ ഡി.സി.സി അധ്യക്ഷന്‍ നല്‍കിയ കേസിന്റെ വിവിധ വശങ്ങള്‍ ചോദിച്ച് അറിയുന്നതിനിടയില്‍ മൃതദേഹം വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയെന്ന പൊലീസ് ആരോപണം ഉണ്ടാകാന്‍ കാരണമെന്തെന്നാണ് കോടതി ചോദിച്ചത്.

ഒരേ കുറ്റത്തിന് ഒന്നിലധികം കേസെടുത്തിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഡി.സി.സി പ്രസിഡന്റിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നടത്തിയ സമരത്തില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ഡി.സി.സി പ്രസിഡന്റ് ഒന്നാം പ്രതിയായത് എങ്ങനെയാണെന്നുമാണ് പൊലീസിനോട് കോടതി ചോദിച്ചിരിക്കുന്നത്.

എന്തായാലും പൂട്ടുമെന്ന് പറഞ്ഞ പൊലീസ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം പറയുന്നത് അനുസരിച്ച് തുള്ളുകയാണ്. ഡി.സി.സി അധ്യക്ഷനും മാത്യുകുഴല്‍നാടനും ഉള്‍പ്പെടെയുള്ളവര്‍ സമരം ചെയ്തതു കൊണ്ടാണ് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത്. ഏഴായിരത്തില്‍ അധികം പേര്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോഴും നഷ്ടപരിഹാരം നല്‍കാനുള്ളത്. സമരം നടന്നില്ലായിരുന്നെങ്കില്‍ സാധാരണ സംഭവമായി മാറിയേനെ.

പാണ്ടിക്കാട് പൊലീസ് സ്റ്റേഷനില്‍ പഞ്ചായത്ത് അംഗത്തിനൊപ്പം എത്തിയ യുവാവിനെ സ്റ്റേഷനിലെ സി.സി ടി.വി ഇല്ലാത്ത ഭാഗത്ത് കൊണ്ടു പോയി മർദിച്ചെന്നാണ് ആരോപണം. മർദനത്തെ തുടര്‍ന്ന് കുഴഞ്ഞു വീണ് മരിച്ചെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരട്ടെയെന്നും സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe