ഇലക്‌ടറൽ ബോണ്ട്: പുറത്തുവിട്ട വിവരങ്ങൾ അപൂര്‍ണം, എസ്ബിഐക്ക് വീണ്ടും നോട്ടീസ് നൽകി സുപ്രീം കോടതി

news image
Mar 15, 2024, 6:41 am GMT+0000 payyolionline.in

ദില്ലി: ഇലക്‌ടറൽ ബോണ്ട് കേസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് നൽകി. ഇലക്‌ടറൽ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങൾ അപൂര്‍ണമായതിനാലാണ് ഇത്.  പ്രസിദ്ധീകരിച്ച രേഖകളിൽ എന്തുകൊണ്ട് സീരിയൽ നമ്പറുകൾ ഇല്ലെന്ന് കോടതി എസ്ബിഐയോട് ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ രേഖകൾ തിരികെ നൽകാമെന്ന് പറഞ്ഞ കോടതി, എല്ലാ രേഖകളും മാര്‍ച്ച് 17 നകം പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നൽകി. ഇലക്‌ടറൽ ബോണ്ടുകളുടെ സീരിയൽ നമ്പറുകൾ പുറത്തുവിട്ടാൽ ബോണ്ട് നൽകിയതാരാണെന്നും പണം ഏത് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്കാണ് പോയതെന്നും വ്യക്തമാകും.

നോട്ടീസിന് എസ്ബിഐ തിങ്കളാഴ്ചക്കുള്ളിൽ മറുപടി നൽകണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്‌ടറൽ ബോണ്ട് വിവരങ്ങൾ വലിയ തോതിലാണ് ചര്‍ച്ചയാവുന്നത്. സംഭാവന വിവാദം സർക്കാരിനെതിരെ ആയുധം ആക്കി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികൾ രംഗത്ത് വന്നിട്ടുണ്ട്. 47.5% ഇലക്ടൽ ബോണ്ടുകളും സ്വന്തമാക്കിയത് ബി ജെ പി യാണ്. 6060 കോടി രൂപയാണ് ബിജെപിക്ക് 2019 മുതൽ 2024 വരെ സംഭാവനയായി കിട്ടിയത്.

 

കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന കമ്പനികൾ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിലും വിവാദം കൊഴുക്കുന്നുണ്ട്. സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആന്റ് ഹോട്ടൽസ് 1368 കോടിയാണ് ബോണ്ട് ഉപയോഗിച്ച് സംഭാവന നൽകിയത്. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മീഷന് ബോണ്ട് വിവരങ്ങൾ കൈമാറിയത്. ഇന്ന് കമ്മീഷൻ വിവരം പരസ്യപ്പെടുത്തണമെന്ന നിർദ്ദേശമിരിക്കെ ഇന്നലെ രാത്രിയോടെ കമ്മീഷൻ വിവരങ്ങൾ പുറത്തുവിടുകയായിരുന്നു. എന്നാൽ ഇതിൽ ബോണ്ടുകളുടെ സീരിയൽ നമ്പറുകൾ ഒഴിവാക്കിയതാണ് ഇന്ന് വീണ്ടും കോടതിയിൽ ഉന്നയിക്കപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe