‘അഭിപ്രായം വ്യക്തിപരം, കള്ളപ്പണം തിരികെ വരുമെന്ന ആശങ്കയുണ്ട്’; ഇലക്ടറൽ ബോണ്ടിൽ പ്രതികരിച്ച് അമിത് ഷാ

news image
Mar 16, 2024, 4:21 am GMT+0000 payyolionline.in

ദില്ലി: ഇലക്ടറൽ ബോണ്ടിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോണ്ട് റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടതെന്ന് അമിത് ഷാ പറഞ്ഞു. ഈ അഭിപ്രായം വ്യക്തിപരമാണെന്നും അമിത് ഷാ പറഞ്ഞു.

കള്ളപ്പണം തിരികെ വരുമെന്ന ആശങ്ക ഉണ്ട്. സുപ്രീം കോടതി വിധിയെ ബഹുമാനിക്കുന്നു. രാഷ്ട്രീയത്തിലെ കള്ളപ്പണം ഇല്ലാതാക്കാനാണ് ബോണ്ട് സർക്കാർ കൊണ്ടുവന്നത്. 6000 കോടി ബിജെപിക്ക് കിട്ടിയപ്പോൾ 14,000 കോടി കിട്ടിയത് മറ്റ് പാർട്ടികൾക്കാണ്. ബോണ്ട് പണം കള്ളപ്പണം അല്ല. കോൺഗ്രസിൻ്റെ കാലത്ത് കോടികളുടെ കള്ളപ്പണം കമ്പനികളിൽ നിന്ന് കിട്ടിയെന്നും അമിത് ഷാ പറഞ്ഞു.

 

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇലക്ടറൽ  ബോണ്ടുകളിലൂടെ നടന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ പ്രതകരിച്ചിരുന്നു. ബിജെപി സർക്കാരാണ് നിയമം നടപ്പിലാക്കിയത്. അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിച്ച് ബിജെപി കമ്പനികളുടെ കയ്യിൽ നിന്നും പണം തട്ടിയെന്നും യെച്ചൂരി ആരോപിച്ചു. ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വരുന്നതിനായി സിപിഎമ്മും കോടതിയിൽ നിയമപോരാട്ടം നടത്തിയിരുന്നു. ജനാധിപത്യത്തിന്‍റെയും സുതാര്യതയുടെയും വിജയമെന്നായിരുന്നു ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ യെച്ചൂരിയുടെ പ്രതികരണം. നിരവധി ചോദ്യങ്ങളുയ‍ർത്തുന്നതാണ് പുറത്ത് വന്ന രേഖകളെന്നും യെച്ചൂരി പ്രതികരിച്ചു.

 

കഴിഞ്ഞ ദിവസമാണ് ഇലക്ടറൽ ബോണ്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടത്. ബോണ്ട് വാങ്ങി സംഭാവന നൽകിയ കമ്പനികളുടെ പേര് വിവരങ്ങളും നൽകിയ പണവും അടങ്ങിയ വിവരങ്ങളാണ് പുറത്ത് വന്നത്. 2018 മുതൽ ബോണ്ട് വിതരണം ആരംഭിച്ചിട്ടുണ്ടെങ്കിലും 2019 മുതലുളള വിവരങ്ങളാണ് എസ്ബിഐ പുറത്ത് വിട്ടത്. ഓരോ കമ്പനിയും ഓരോ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ പണമെത്രയെന്ന വിവരം പുറത്ത് വിട്ടിട്ടില്ല.

സുപ്രീംകോടതി ബോണ്ടിന്റെ തിരിച്ചറിയൽ നമ്പറുകൾ പ്രസിദ്ധീകരിക്കാത്തതെന്തെന്ന് വിശദീകരിക്കാൻ എസ്ബിഐക്ക് നോട്ടീസ് അയച്ചിരുന്നു. ഇലക്ട്രൽ ബോണ്ട് ആര് വാങ്ങി എന്ന വിവരം രാജ്യത്ത് രാഷ്ട്രീയ കൊടുങ്കാറ്റിന് ഇടയാക്കുമെന്നിരിക്കെയാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. സംശയനിഴലിൽ നിൽക്കുന്ന കമ്പനികളും അന്വേഷണം നേരിടുന്നവരും വൻ തുകയ്ക്കുള്ള ബോണ്ട് വാങ്ങിയെന്ന് കോടതി നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ ആര് വാങ്ങിയ ബോണ്ടുകൾ ഏതൊക്കെ പാർട്ടിക്ക് കിട്ടി എന്ന വ്യക്തമായ വിവരം വെളിപ്പെടുത്താതെ എസ്ബിഐ മറച്ചു വയ്ക്കുകയാണ്. ബോണ്ടുകൾക്ക് നൽകിയ സവിശേഷ തിരിച്ചറിയൽ നമ്പർ പുറത്തുവിടാൻ എസ്ബിഐ തയ്യാറാകാത്തത് ഇന്ന് ഭരണഘടന ബഞ്ചിന് മുമ്പാകെ പ്രശാന്ത് ഭൂഷൺ ഉന്നയിച്ചു. നമ്പറുകൾ പ്രസിദ്ധീകരിക്കണം എന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് ഇക്കാര്യത്തിൽ തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്കാൻ എസ്ബിയോട് നിർദ്ദേശിച്ചു. ബോണ്ട് നമ്പറുകൾ താരതമ്യം ചെയ്ത് ആരുടെ പണം ഓരോ പാർട്ടിക്കും കിട്ടി എന്നത് മറയ്ക്കാൻ ഒത്തുകളി നടന്നെന്ന ഹർജിക്കാരുടെ വാദത്തിന് ബലം നൽകുന്നതാണ് കോടതി നിലപാട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe