‘അന്ന് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നു’; മുത്തേരി ബലാത്സംഗ കേസിൽ സംഭവിച്ചത്

news image
Mar 18, 2024, 9:35 am GMT+0000 payyolionline.in
കോഴിക്കോട്: തനിക്ക് നീതി കിട്ടിയില്ലെന്നും അന്ന് പ്രതിയ്ക്ക് ശിക്ഷ ഉറപ്പാക്കിയിരുന്നെങ്കില്‍ പേരാമ്പ്ര നൊച്ചാട് സ്വദേശിനി അനു കൊല്ലപ്പെടില്ലായിരുന്നുവെന്നും മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത. താൻ നേരിട്ടത് ക്രൂരമായ ബലാത്സംഗമാണെന്നും മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അതിജീവിത പറഞ്ഞു. മുഖത്ത് എന്തോ മണപ്പിച്ച് ബോധം കെടുത്തിയ ശേഷമാണ് ബലാത്സംഗം ചെയ്തതെന്ന മൊഴി കുറ്റപത്രത്തിൽ ഉണ്ടായിരുന്നില്ലെന്നും ചോദിച്ചപ്പോൾ അത് പറയേണ്ടെന്ന് പ്രോസിക്യൂട്ടർ പറഞ്ഞുവെന്നും അതിജീവിത വെളിപ്പെടുത്തി.

പേരാമ്പ്ര അനു കൊലപാതകക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്‍ ആണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മുക്കം മുത്തേരി ബലാത്സംഗ കേസിലെ പ്രതി. വയോധികയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് പണം കവര്‍ന്ന സംഭവമാണ് മുത്തേരി കേസ്. 2020 ജൂലൈ മാസമായിരുന്നു മോഷ്ടടിച്ച ഓട്ടോയിലെത്തിയ മുജീബ് റഹ്മാന്‍ ഹോട്ടല്‍ തൊഴിലാളിയായിരുന്ന വയോധികയെ വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി ആക്രമിച്ച ശേഷം കെട്ടിയിട്ട് ബലാത്സംഗം   ചെയ്തത് പണം കവര്‍ന്നത്. അന്ന് അറസ്റ്റിലായ മുജീബ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടെങ്കിലും കൂത്തുപറമ്പില്‍ വെച്ച് പിടിയിലാവുകയായിരുന്നു.

 

ഈ കേസില്‍ ഒന്നരവര്‍ഷത്തോളം റിമാന്‍ഡിലായിരുന്നു പ്രതി. കുറ്റപത്രം സമയബന്ധിതമായി സമര്‍പ്പിച്ചെങ്കിലും വിചാരണ വൈകിയതിനാല്‍ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. മുത്തേരിക്ക് സമാനമായ രീതിയിലുള്ള കുറ്റകൃത്യമാണ് പ്രതി പേരാമ്പ്ര നൊച്ചാടും നടത്തിയത്. യുവതിയെ മൃഗീയമായി കൊലപ്പെടുത്തുന്നതിന് തൊട്ടു മുമ്പ് പ്രതി മൂന്ന് തവണ പ്രദേശത്തു കൂടി മോഷ്ടിച്ച ബൈക്കിൽ കറങ്ങി. കൃത്യം നടത്താനും മോഷ്ടിക്കാനും രക്ഷപ്പെടാനും 10 മിനുട്ടോളം സമയം മാത്രമാണ് പ്രതി എടുത്തത്.

 

പ്രതി സമാനതരത്തിലുള്ള കൂടുതല്‍ കുറ്റകൃത്യം നടത്തിയോ എന്നതിലും പൊലീസ് അന്വേഷണം തുടങ്ങി. വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. മുജീബ് റഹ്മാൻ മുമ്പ് വാഹന മോഷണ കേസുകളിലെ കുപ്രസിദ്ധ പ്രതിയായ വീരപ്പന്‍ റഹീമിന്‍റെ കൂട്ടാളിയായിരുന്നെന്ന വിവരവും പുറത്തു വന്നു. പിന്നീട് റഹീമുമായി പിരിഞ്ഞ മുജീബ് റഹ്മാന്‍ സ്വന്തം നിലക്ക് മോഷണം തുടങ്ങുകയായിരുന്നു. ഇന്നലെ കൊണ്ടോട്ടിയില്‍ വെച്ച് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കവേ മുജീബ് പൊലീസിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe