യു.പിയിൽ അയൽവീട്ടിലെത്തി പണമാവശ്യപ്പെട്ട യുവാവ് രണ്ട് കുട്ടികളെ കുത്തിക്കൊന്നു

news image
Mar 20, 2024, 9:15 am GMT+0000 payyolionline.in

ലഖ്നോ: ഉത്തർപ്രദേശിലെ ബദാവൂണിൽ പണം ആവശ്യപ്പെട്ട് അയൽവീട്ടിലെത്തിയ യുവാവ് രണ്ടുകുട്ടികളെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട കുട്ടികളുടെ വീടിന്റെ എതിർവശത്ത് ബാർബർ ഷോപ്പ് നടത്തുകയാണ് കൊലപാതകം നടത്തിയ സാജിദ്. കുട്ടികളുടെ പിതാവ് വിനോദിനെയും ഇയാൾക്ക് പരിചയമുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 5000 രൂപ കടം ചോദിച്ചാണ് സാജിദ് വിനോദിന്റെ വീട്ടിലെത്തിയത്.

ആ സമയത്ത് വിനോദ് വീട്ടിലുണ്ടായിരുന്നില്ല. വിനോദ് ചായയുണ്ടാക്കാനായി അകത്തേക്ക് പോയപ്പോൾ സാജിദ് ഇവരുടെ മൂന്നു മക്കളെ ആക്രമിക്കുകയായിരുന്നു. ഇരട്ടക്കൊലപാതകം നഗരത്തിൽ ഭീതിപരത്തിയിട്ടുണ്ട്. രോഷാകുലരായ ജനം ബാർബർഷാപ്പിന് തീയിട്ടു. കൊലപാതകവുമായി ബന്ധപ്പെട്ട്​ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് പൊലീസ് വിലക്കിയിട്ടുണ്ട്. ഇത്തരം അഭ്യൂഹങ്ങൾ തടയാൻ പൊലീസ് സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കുകയാണ്.

ഗർഭിണിയായ തന്റെ ഭാര്യ ആശുപത്രിയിലാണെന്നും ചികിത്സക്കായി 5000 രൂപ വേണമെന്നുമാണ് സാജിദ് വിനോദിന്റെ ഭാര്യ സംഗീതയോട് ആവശ്യപ്പെട്ടത്. തുടർന്ന് സംഗീത ഫോണിൽ വിനോദിനെ വിളിച്ചു. പണം നൽകാനാണ് വിനോദ് പറഞ്ഞത്. പണം നൽകിയ ഉടൻ ഭാര്യയുടെ പ്രസവം രാത്രി 11 മണിക്കാണെന്നും താൻ വലിയ ആശങ്കയിലാണെന്നും സാജിദ് പറഞ്ഞെന്ന് സംഗീത പൊലീസിന് മൊഴി നൽകി. എന്നാൽ ആശങ്കപ്പെ​ടേണ്ട എന്ന് പറഞ്ഞ് സംഗീത ആശ്വസിപ്പിച്ചു.

-തുടർന്ന് മുകളിലത്തെ നിലയിലുള്ള ബ്യൂട്ടി സലൂൺ കാണിക്കാൻ ഇവരുടെ 11 വയസുള്ള മകൻ ആയുഷിനോട് ആവശ്യപ്പെട്ടു. അതുപ്രകാരം ആയുഷ് സാജിദിനെ മുകൾ നിലയിലേക്ക് കൊണ്ടുപോയി. വീടിന്റെ രണ്ടാംനിലയിൽ വെച്ച് സാജിദ് കത്തികൊണ്ട് ആയുഷിനെ ആക്രമിച്ചു. ആയുഷിന്റെ കരച്ചിൽ കേട്ട് അടുത്തേക്ക് വന്ന ഇളയ കുട്ടി അഹാനെയും സാജിദ് കത്തി കൊണ്ട് ആക്രമിച്ചു. ഇവരുടെ രണ്ടാമത്തെമകൻ പീയുഷിനെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും കുട്ടി ഓടി രക്ഷപ്പെട്ടു.

ഗുരുതര പരിക്കേറ്റ ആയുഷും അഹാനും ഉടൻ മരിച്ചു. പീയുഷിന് നിസ്സാര പരിക്കുകളാണ് ഉള്ളത്. കൊലപാതകത്തിനു പിന്നാലെ പുറത്തുകാത്തുനിന്ന സഹോദരൻ ജാവേദി​ന്റെ ബൈക്കിൽ കയറിയാണ് സാജിദ് രക്ഷപ്പെട്ടത്. ഇരുവർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെയും കുത്തിപ്പരിക്കേൽപിച്ച് ജാവേദ് രക്ഷപ്പെട്ടു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe