ഇലക്ടറൽ ബോണ്ടിന്റെ എല്ലാ വിശദാംശങ്ങളും സമർപ്പിക്കാനുള്ള അവസാന ദിവസം; എസ്ബിഐയുടെ സമയപരിധി ഇന്ന് തീരും

news image
Mar 21, 2024, 10:39 am GMT+0000 payyolionline.in

ദില്ലി: ഇലക്ടറൽ ബോണ്ടുമായി ബദ്ധപ്പെട്ടു എല്ലാ  വിശദാംശങ്ങളും സമർപ്പിക്കാനുള്ള എസ്ബിഐയുടെ സമയപരിധി ഇന്ന് അവസാനിക്കും. ഇലക്ടറൽ ബോണ്ടുകളുടെ തിരിച്ചറിയൽ കോഡ് അടക്കം എല്ലാ വിവരങ്ങളും മാർച്ച് 21 നകം വെളിപ്പെടുത്താൻ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് എസ്ബിക്ക് കർശന നിർദ്ദേശം നല്കിയിരുന്നു.

യുണീക് ബോണ്ട് നമ്പറുകൾ ഉൾപ്പെടെ പൂർണ്ണമായ വിവരഞങ്ങൾ ബാങ്ക് നൽകണമെന്നാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്. ബോണ്ട് വാങ്ങുന്നവരും സ്വീകരിക്കുന്ന രാഷ്ട്രീയ പാർട്ടികളും തമ്മിലുള്ള ബന്ധം ഇതിലൂടെ വെളിപ്പെടും. പൂർണ്ണ വിവരങ്ങൾ നല്കാത്തതിന് എസ്ബിഐയെ വിമർശിച്ച കോടതി തിരിച്ചറിയൽ കോഡ് പുറത്ത് വിടരുതെന്ന വ്യവസായ സംഘടനകളുടെ ആവശ്യം തിങ്കളാഴ്ച തള്ളിയിരുന്നു.

മുമ്പ് അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഇലക്ടറൽ ബോണ്ട് “ഭരണഘടനാ വിരുദ്ധം” എന്ന് പ്രഖ്യാപിക്കുകയും ദാതാക്കളെയും അവർ സംഭാവന ചെയ്ത തുകയും സ്വീകർത്താക്കളെയും മാർച്ച് 13 നകം വെളിപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിടുകയും ചെയ്തിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇലക്ടറൽ ബോണ്ടുമായി ബദ്ധപ്പെട്ട എല്ലാ  വിശദാംശങ്ങളും വെളിപ്പെടുത്തേണ്ടതുണ്ടെന്ന് വിധിക്കുകയും തിരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിടുകയും ചെയ്തത്.

കോടതി അനുവധിക്കക സമയത്തിനുള്ളിൽ വിവരങ്ങൾ നൽകാത്തതിനാൽ എസ്‌ബിഐക്ക് സുപ്രീം കോടതിയിൽ നിന്നും കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. കഴിഞ്ഞ വെള്ളിയാഴ്ച, അപൂർണ്ണമായ വിവരങ്ങൾ നൽകിയതിന് എസ്‌ബിഐയോട് നമ്പറുകൾ വെളിപ്പെടുത്താത്തതിൻ്റെ കാരണങ്ങൾ വിശദീകരിക്കാൻ സുപ്രീം കോടതി നോട്ടീസ് നൽകുകയും ചെയ്തു.

എല്ലാ വിവരങ്ങളും വെളിപ്പെടുത്താൻ നിർദ്ദേശിച്ചപ്പോൾ എന്തുകൊണ്ട് തിരിച്ചറിയൽ കോഡ് നല്കിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്ബിഐയോട് ചോദിച്ചു. ബോണ്ട് ആരിൽ നിന്ന് വാങ്ങി എന്നത് വെളിപ്പെടുത്തേണ്ടത് രാഷ്ട്രീയ പാർട്ടികളാണ് എന്നായിരുന്നു എസ്ബിഐക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേയുടെ മറുപടി. ഇത്തരം ഉത്തരവുകൾ ആവർത്തിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി പൂർണ്ണ വിവരങ്ങൾ വെളിപ്പെടുത്തി വ്യാഴാഴ്ചയ്ക്കകം സത്യവാങ്മൂലം നല്കാൻ എസ്ബിഐയോട് ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe