രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണിക്കും, വിവാദത്തിൽ കക്ഷിചേരാനില്ല: സുരേഷ് ഗോപി

news image
Mar 22, 2024, 5:01 am GMT+0000 payyolionline.in

തൃശ്ശൂർ: കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി അറിയിച്ചു. പ്രതിഫലം നൽകിയാണു പരിപാടിക്കു വിളിക്കുന്നതെന്നു പറഞ്ഞ സുരേഷ് ഗോപി വിവാദത്തിൽ കക്ഷിചേരാനില്ലെന്നും അറിയിച്ചു. സർക്കാരിനെതിരായ വികാരത്തിൽനിന്നു ശ്രദ്ധ തിരിക്കാനാണു വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വേദി നൽകാമെന്നുപറഞ്ഞ സുരേഷ്  ഗോപിക്ക് രാമകൃഷ്ണൻ നന്ദി അറിയിച്ചു.

കറുത്ത നിറമുള്ള ആളുകൾ മോഹിനിയാട്ടം കളിക്കരുതെന്നും കാക്കയുടെ നിറമുള്ള നർത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തിൽ നടത്തിയ പരാമർശങ്ങൾ തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണു കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തിയത്. തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്നു കാണിച്ചു രാമകൃഷ്ണൻ ഇന്നലെ വിഡിയോ പോസ്റ്റ് ചെയ്തതോടെ ഒട്ടേറെപ്പേർ സത്യഭാമയുടെ പരാമർശങ്ങൾക്കെതിരെ രംഗത്തുവന്നു. സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോകുമെന്ന‌ു രാമകൃഷ്ണൻ അറിയിച്ചു.

 

നേരത്തേ, സത്യഭാമ കലാമണ്ഡലം ഭരണസമിതി അംഗമായിരിക്കെ, ആർഎൽവി രാമകൃഷ്ണൻ അവിടെ പിഎച്ച്ഡി ചെയ്യാൻ സമർപ്പിച്ച അപേക്ഷ നിരസിച്ചപ്പോൾ രാമക‍ൃഷ്ണൻ പട്ടികജാതി കമ്മിഷനെ സമീപിച്ചിരുന്നു. പുറത്താക്കപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ സത്യഭാമ ഭരണസമിതിയിൽനിന്നു രാജിവച്ചു. തൊട്ടുപിന്നാലെ അവരെ പുറത്താക്കിയതായി കലാമണ്ഡലം അറിയിക്കുകയുമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe