ടിപ്പർ അപകടം: അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

news image
Mar 23, 2024, 1:00 pm GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനുള്ള പാറകളുമായി പോയ ടിപ്പർ ലോറിയിൽ നിന്നും പാറക്കല്ല് തെറിച്ചു വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകും. ബി.ഡി.എസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിനാണ് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുക. കോവളം എം.എൽ.എ എം. വിന്‍സെന്‍റ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതേപോലെ, ടിപ്പർ ലോറിയിലെ പാറക്കല്ല് വീണ് കാലിന് ഗുരുതര പരിക്കേറ്റ അധ്യാപിക സന്ധ്യ റാണിക്കും നഷ്ടപരിഹാരം നൽകാൻ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ രണ്ട് ദിവസത്തിനകം അദാനി ഗ്രൂപ്പ് തീരുമാനം അറിയിക്കും.

എം. വിന്‍സെന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

അനന്തുവിന്റെ കുടുംബത്തിന് 1 കോടി നഷ്ടപരിഹാരം..

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് അദാനി തുറമുഖ കമ്പനിക്ക് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരണപ്പെട്ട ബൈക്ക് യാത്രക്കാരനായ ബി.ഡി.എസ് വിദ്യാർഥി അനന്തുവിന്റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി കമ്പനി പ്രതിനിധികൾ മരണപ്പെട്ട അനന്തുവിന്റെ വീട്ടിലെത്തി അറിയിച്ചു.

Also Read –

കഴിഞ്ഞ ദിവസം കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈ ആവശ്യം ഉൾപ്പടെ ഞങ്ങൾ ഉന്നയിച്ചിരുന്നു. ഈ സഹായം കൊണ്ട് അനന്തുവിന്റെ ജീവന് പകരമാകില്ലെങ്കിലും വിദ്യാഭ്യാസ വായ്പകൾ ഉൾപ്പടെ കടുത്ത സാമ്പത്തിക ബാധ്യതകൾ നിലവിലുള്ള ആ കുടുംബത്തിന് ഒരു ആശ്വാസം പകരുമെന്ന് വിശ്വസിക്കാം. അതുപോലെ തുറമുഖത്തേക്കുള്ള പാറക്കല്ലുകൾ കയറ്റിയ ടിപ്പറിലെ പാറ വീണ് കാലിന് ഗുരുതര പരിക്കേറ്റ ടീച്ചർക്കും അർഹമായ നഷ്ട പരിഹാരം രണ്ടു ദിവസത്തിനകം തീരുമാനിച്ച് അറിയിക്കാമെന്നും അദാനി തുറമുഖ കമ്പനി അറിയിച്ചിട്ടുണ്ട്.

അതോടൊപ്പം തന്നെ വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സാധനസാമഗ്രികൾ എത്തിക്കുന്ന വാഹന ഗതാഗതത്തിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നിബന്ധനകൾ ഇന്ന് ജില്ലാ കലക്ടർ പുറത്തിറക്കി. ആയത് ക്യത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ അധികാരികളും പോലീസും ഗതാഗത വകുപ്പും തയ്യാറായാൽ ഇനിയെങ്കിലും ഇതുപോലുള്ള അപകടങ്ങൾ ഒഴിവാക്കപ്പെടാൻ സാധിക്കും…

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe