റിയാസ് മൗലവിയുടെ കൊലപാതകികളെ രക്ഷിക്കാൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു -വി.ഡി. സതീശൻ

news image
Mar 30, 2024, 11:25 am GMT+0000 payyolionline.in

തിരുവനന്തപുരം: കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ ആര്‍.എസ്.എസുകാരയ പ്രതികളെ രക്ഷപ്പെടുത്താന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണ്. ഒരു സംഘര്‍ഷത്തിലും ഉള്‍പ്പെടാത്ത നിരപരാധിയായ റിയാസ് മൗലവിയെ ആണ് കൊലപ്പെടുത്തിയത്.

കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തതെന്നും വി.ഡി. സതീശൻ ആരോപിച്ചു. മനസാക്ഷിയെ മരവിപ്പിച്ച കൊലപാത കേസിലെ പ്രതികളെ വെറുതെ വിട്ടത് പൊലീസിന്റെ പരാജയമാണ്. ഭരണ നേതൃത്വത്തിനും ഇതില്‍ പങ്കുണ്ട്. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതല്‍ക്കെ കേസ് അട്ടിമറിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുന്നു. ശ്രീ എമ്മിന്റെ സാന്നിധ്യത്തില്‍ ആര്‍.എസ്.എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസിലെ പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണ കൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe