പ്രായത്തിന്റെയും വംശത്തിന്റെയും പേരിൽ വിവേചനം; ജോലിയിൽ നിന്ന് പിരിച്ചുവിട്ട് പകരം ഇന്ത്യക്കാരെ നിയമിക്കുന്നു -ടി.സി.എസിനെതിരെ യു.എസ് ടെക്കികൾ

news image
Mar 30, 2024, 1:02 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യൻ ടെക് ഭീമനായ ടാറ്റ കൺസൾട്ടൻസിക്കെതിരെ(ടി.സി.എസ്)ഗുരുതര ആരോപണങ്ങളുമായി ഒരു കൂട്ടം അമേരിക്കൻ പ്രഫഷനലുകൾ. ചെറിയൊരു നോട്ടീസ് മാത്രം നൽകി തങ്ങളെ ജോലിയിൽ നിനന് പുറത്താക്കി അവിടെ എച്ച്‍വൺ ബി വിസയുള്ള ഇന്ത്യക്കാരെ പുനഃസ്ഥാപിച്ചിരിക്കുകയാണ് ടി.സി.എസ് എന്നാണ് യു.എസ് ടെക്കികളുടെ ആരോപണം. പ്രായത്തിന്റെയും വംശത്തിന്റെയും കാര്യത്തിൽ കമ്പനി വിവേചനം കാണിക്കുന്നതായും ആരോപണമുണ്ട്.

 

22 യു.എസ് ഐ.ടി പ്രഫഷനലുകളാണ് ടി.സി.എസിനെതിരെ ഈക്വൽ എംപ്ലോയ്മെന്റ് ഓപ്പർച്യുനിറ്റി കമ്മീഷനിൽ പരാതി നൽകിയത്. 40 വയസിനും 60 വയസിനുമിടയിൽ പ്രായമുള്ളവരാണ് പിരിച്ചുവിട്ട ഈ 22പേരും. വ്യത്യസ്ത ഗോത്രവർഗവിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഇവർക്ക് എം.ബി.എ അടക്കമുള്ള ഉയർന്ന ബിരുദങ്ങളുമുണ്ട്. തങ്ങളെയെല്ലാം ജോലിയിൽ നിന്ന് പുറത്താക്കി പകരം നിലവാരമില്ലാത്ത ഇന്ത്യൻ കുടിയേറ്റക്കാരെ നിയമിച്ചിരിക്കുകയാണ് എന്നും ഇവർ ആരോപിച്ചു. ഇതോടെ ഉയർന്ന യോഗ്യതയും കഴിവുമുള്ള വിദേശ തൊഴിലാളികൾക്ക് യു.എസ് നൽകുന്ന വിസ പദ്ധതി വീണ്ടും ചർച്ചയാവുകയാണ്.

ഇന്ത്യയിലടക്കമുള്ള ഐ.ടി ബിരുദധാരികൾക്ക് യു.എസ് കമ്പനികളിൽ തൊഴിൽ ചെയ്യാൻ അവസരം നൽകുന്ന വിസയാണ് എച്ച്‍വൺ ബി വിസ. മൂന്നു വർഷം മുതൽ ആറുവർഷം വരെയാണ് വിസയുടെ കാലാവധി. അർഹതപ്പെട്ടവർക്ക് യു.എസിൽ സ്ഥിരതാമസത്തിനുള്ള ​ഗ്രീൻ കാർഡും ലഭിക്കും. എന്നാൽ ആരോപണം ടി.സി.എസ് അധികൃതർ നിഷേധിച്ചു. നിയമ വിരുദ്ധമായി ഒരുതരത്തിലുള്ള വിവേചനവും നിലനിൽക്കുന്നില്ലെന്നും ആരോപണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വ്യക്തമാക്കിയ ടി.സി.എസ് എല്ലാവർക്കും തുല്യ അവസരം നൽകുന്ന കമ്പനിയെന്ന നിലയിൽ യു.എസിൽ തങ്ങൾക്ക് റെക്കോഡ് ഉണ്ടെന്നും വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe