‘ഇടപെടണം, അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ശ്രമം’; സിദ്ധാർത്ഥന്റെ അച്ഛൻ ഹൈക്കോടതിയിൽ

news image
Apr 4, 2024, 10:22 am GMT+0000 payyolionline.in

കൊച്ചി : പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരെ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. അന്വേഷണം വേഗത്തിൽ ഏറ്റെടുക്കാൻ നിർദേശം നൽകണമെന്നാണ് കോടതിയിൽ നൽകിയ ഹര്‍ജിയിലെ ആവശ്യം. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വം ശ്രമമുണ്ടെന്നും ജയപ്രകാശ് ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സിബിഐ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ. ഹർജി നാളെ പരിഗണിക്കും. 

അതേ സമയം, സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്ന ഗവര്‍ണര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനില്‍ വിശ്വാസമെന്ന് അച്ഛൻ ജയപ്രകാശ് വിശദീകരിച്ചു. ഈ അന്വേഷണം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇത് അട്ടിമറിക്കാൻ സാധിച്ചില്ലെന്നും സാധിച്ചിരുന്നെങ്കില്‍ സര്‍ക്കാര്‍ അത് ചെയ്തിരുന്നുവെന്നും ജയപ്രകാശ് പറഞ്ഞു. സിബിഐയെ സംബന്ധിച്ച് അവര്‍ കൊലപാതകത്തെ കുറിച്ച് മാത്രമായിരിക്കും അന്വേഷിക്കുന്നത്. ഈ അന്വേഷണ കമ്മീഷനാകുമ്പോള്‍ അതിന് പുറമെയുള്ള പല കാര്യങ്ങളും അന്വേഷിക്കും. അതിനാല്‍ രണ്ട് അന്വേഷണങ്ങളും സമാന്തരമായി പൊയ്ക്കോട്ടെ എന്നും ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe