കൊൽക്കത്തയിൽ റെയ്ഡിനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം; ഒരു ഉദ്യോഗസ്ഥന് പരിക്ക്

news image
Apr 6, 2024, 6:12 am GMT+0000 payyolionline.in

കൊൽക്കത്ത: കൊൽക്കത്തയിൽ റെയ്ഡിനെത്തിയ എൻഐഎ സംഘത്തിന് നേരെ ആക്രമണം. ബംഗാളിലെ കിഴക്കൻ മേദിനിപൂർ ജില്ലയിൽ ഇന്ന് രാവിലെ നടത്തിയ റെയ്ഡിനിടെയാണ് ദേശീയ അന്വേഷണ ഏജൻസിയുടെ സംഘം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റതായാണ് റിപ്പോർട്ട്.

എൻഐഎ സംഘം ഭൂപിതാനിനഗറിലുണ്ടായ ഒരു സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് റെയ്ഡ് നടത്തിയത്. ഇതിനിടെ പ്രകോപിതരായ  ജനക്കൂട്ടം ഉദ്യോ​ഗസ്ഥരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വാഹനത്തിൻ്റെ ചില്ലുകൾ തകരുകയും ഒരു ഉദ്യോ​ഗസ്ഥന് പരിക്കേൽക്കുകയും ചെയ്തു. ഉദ്യോ​ഗസ്ഥരുടെ മുന്നിൽ മുളവടിയുമായി ഇരിയ്ക്കുന്ന സ്ത്രീകളുൾപ്പെടെയുള്ളവരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അതേസമയം, റെയ്ഡിനെക്കുറിച്ച് ലോക്കൽ പോലീസ് സ്റ്റേഷനിൽ നേരത്തെ അറിയിച്ചിരുന്നെങ്കിലും കൃത്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു. പുലർച്ചെ 5.30 നാണ് എൻഐഎ സംഘം ഭൂപിതാനിനഗറിലേക്ക് എത്തിയത്.

 

2022 ഡിസംബറിൽ ഭൂപതിനഗർ പൊലീസ് സ്‌റ്റേഷനു കീഴിലുള്ള നര്യബില ഗ്രാമത്തിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവിൻ്റെ വസതിയിൽ മൂന്നു പേർ കൊല്ലപ്പെട്ട സ്‌ഫോടനം നടന്നിരുന്നു. ഈ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് സംഘം അവിടെയെത്തിയത്. 2023 ജൂണിലാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്. ജനുവരി 5 ന് ബംഗാളിലെ സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) സംഘത്തിന് നേരെ ആക്രമണം നടന്നിരുന്നു. അതിന് രണ്ട് മാസത്തിന് ശേഷമാണ് എൻഐഎ സംഘത്തിന് നേരെയും ആക്രമണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe