മസ്കറ്റ്: ഈ ആഴ്ച രാജ്യത്ത് താപനിലയില്‍ ക്രമാനുഗതമായ വര്‍ധനവുണ്ടാകുമെന്ന് അറിയിപ്പുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും. ആ ആഴ്ച പകുതിയോടെ പ്രത്യേകിച്ച് മരുഭൂമി പ്രദേശങ്ങളില്‍ പരമാവധി താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബർക്കയിൽ 41.1 ഡിഗ്രി സെൽഷ്യസും സുവൈഖിൽ 40.2 ഡിഗ്രി സെൽഷ്യസും അൽ അമേറാറ്റിൽ 39.8 സെൽഷ്യസും ചൂടാണ് രേഖപ്പെടുത്തിയത്. എന്നാൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസവും ദേദപ്പെട്ട മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ പെയ്തത്.
അതേസമയം ഈ ആഴ്ചത്തെ പുതിയ കാലാവസ്ഥ പ്രവചനം സൗദി ദേശീയ കാലാവസ്ഥ കേന്ദ്രവും പുറത്തുവിട്ടിരുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേങ്ങളിലും ഈ ആഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സൗദിയില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്.

ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും പൊടി ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച മുതല്‍ അടുത്ത വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. ജിസാന്‍, തെക്ക്പടിഞ്ഞാറന്‍ സൗദിയിലെ അല്‍ബാഹ, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ മിതമായ മഴയോ ശക്തമായ മഴയോ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച വരെ ഇത് തുടര്‍ന്നേക്കാമെന്നും കേന്ദ്രം അറിയിച്ചു.
മഴയെ തുടര്‍ന്ന് വാദികള്‍ നിറഞ്ഞൊഴുകാനും ആലിപ്പഴ വര്‍ഷമുണ്ടാകാനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. കാലാവസ്ഥ പ്രവചനത്തെ തുടര്‍ന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിലും വാദികളിലും പോകുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.