തിരുവനന്തപുരം: സംസ്ഥാനത്തു മഴ ശക്തമായ സാഹചര്യത്തിൽ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണു തീവ്രമഴയ്ക്ക് സാധ്യത. തിരുവനന്തപുരം, ഇടുക്കി, തൃശൂർ ജില്ലകളിൽ യെലോ മുന്നറിയിപ്പാണ്. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
രണ്ടോ മൂന്നോ ദിവസത്തിനകം കാലവർഷം എത്തിയേക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. നിലവിൽ തെക്കൻ തമിഴ്നാട് തീരത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. കേരളടമടക്കം രാജ്യത്ത് പൊതുവിൽ ഈ കാലവർഷത്തിൽ സാധാരണയിലും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം. ദീർഘകാല ശരാശരിയുടെ (ലോങ് പിരീഡ് ആവറേജ്) 106 ശതമാനം വരെ മഴ ലഭിക്കാനാണ് സാധ്യത.
കനത്ത മഴയിൽ കെഎസ്ഇബിക്ക് വൻ നാശനഷ്ടമുണ്ടായി. പോസ്റ്റുകളും വിതരണലൈനുകളും തകർന്ന് 48 കോടിയിലേറെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ആലപ്പുഴ ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകൾ കൂടി ആരംഭിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയിൽ 6 പേർ മരിച്ചു. 2 പേരെ കാണാതായി.