കടൽക്ഷോഭത്തിൽ കുടുങ്ങി വള്ളങ്ങൾ; രക്ഷയ്ക്കെത്തി തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും

news image
May 29, 2024, 6:48 am GMT+0000 payyolionline.in

തിരുവനന്തപുരം: കടൽക്ഷോഭത്തിൽ പെട്ട വള്ളങ്ങളിലുണ്ടായിരുന്ന എട്ട് പേരെ തീരദേശ പൊലീസും മറൈൻ എൻഫോഴ്സ്മെന്‍റും രക്ഷപ്പെടുത്തി. ഒരു വള്ളത്തിലെ മൂന്ന് പേർ തമിഴ്നാട് കുളച്ചൽ തുറമുഖത്ത് കയറി രക്ഷപ്പെട്ടു. രണ്ട് പേരെ കണ്ടെത്താനായില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ തീരദേശ പൊലീസിന്‍റെ ബോട്ട് ചോർന്ന് വെള്ളം നിറഞ്ഞത് ആശങ്ക ഉയർത്തി.

തിങ്കളാഴ്ച രാത്രിയിൽ മീൻ പിടിക്കാൻ വള്ളമിറക്കിയവരാണ് കടൽക്ഷോഭത്തിൽപ്പെട്ടത്. വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട പുതിയതുറ സ്വദേശികളായ അഞ്ചംഗ സംഘത്തിലെ രണ്ട് പേരെ കാണാതായെന്നാണ് പരാതി. എട്ട് നോട്ടിക്കൽ മൈൽ ഉൾക്കടലിൽ വച്ച് ഇവർ സഞ്ചരിച്ച വള്ളത്തിലെ എൻജിൻ കേടായി. രണ്ടുപേരെ വള്ളത്തിന്‍റെ ചുമതല ഏൽപ്പിച്ചശേഷം കൂടെയുണ്ടായിരുന്ന മൂന്ന് പേർ മറ്റൊരു വള്ളത്തിൽ വിഴിഞ്ഞത്ത് എത്തി. കരയിൽ വന്ന സംഘം എൻജിനും ഇന്ധനവുമായി തിരികെ ഉൾക്കടലിൽ എത്തിയെങ്കിലും രണ്ട് പേരെയും കണ്ടെത്താനായില്ലെന്ന് പറയുന്നു. കാണാതായവരുടെ കയ്യിൽ മൊബൈൽ ഫോണോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തത് തിരച്ചിലിനെ ബാധിച്ചു. കൂടെയുണ്ടായിരുന്നവരും മറ്റ് വള്ളക്കാരും ഏകദേശം15 നോട്ടിക്കൽ ഉൾക്കടൽ വരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് പൂവാർ തീരദേശ പൊലീസ് അറിയിച്ചു.

ഇന്ധനം തീർന്ന് ഉൾക്കടലിൻ നിയന്ത്രണമില്ലാതെ ഒഴുകി നടന്ന പൂന്തുറ സ്വദേശി ബഞ്ചമിന്‍റെ സെന്‍റ് തോമസ് എന്ന വള്ളത്തിലെ നാല്  പേരെ വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്‍റ് രക്ഷപ്പെടുത്തി. പൂന്തുറ സ്വദേശികളായ കമലിയാൻ, ഡമിയൻ, ഡയനോഷ്യസ്, ബഞ്ചമിൻ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. മറൈൻ സിപിഒ വിനിൽ, ലൈഫ് ഗാർഡുമാരായ ആന്‍റണി ദേവദാസൻ, സുരേഷ് റോബർട്ട്, ജോണി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

എൻജിൻ തകരാറായി കടലിൽ അകപ്പെട്ട പൊഴിയൂർ സ്വദേശികളായ നാല് പേരെ തീരദേശ പൊലീസ് രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്വദേശിയുടെ സിന്ധു യാത്രാമാതാ എന്ന വള്ളത്തിൽ വിഴിഞ്ഞത്തു നിന്ന് മീൻ പിടിക്കാൻ പോയ പൊഴിയൂർ സ്വദേശികളായ കുലാസ് (43) , ആൻഡ്രൂസ് (53), സ്റ്റെല്ലസ് (48), ആഞ്ചലൂസ് (55) എന്നിവരെയാണ് തീരദേശ എസ്ഐ.സൈമൺ, സിപിഒ പ്രിന്‍റോ ഫ്രാൻസിസ്, വാർഡൻമാരായ സിൽവസ്റ്റർ, സിയാദ്, സൂസാമൈക്കിൾ, സ്രാങ്ക് – ജഗൻ നെൽസൺ ലാസ്കർ ശ്യാംകുമാർ എന്നിവരടങ്ങിയ സംഘം രക്ഷപ്പെടുത്തിയത്. കടലിൽ കുടുങ്ങിയ നിരവധി വള്ളങ്ങൾ മണിക്കൂറുകളുടെ പരിശ്രമത്തിലൂടെ വിഴിഞ്ഞത്തടുപ്പിച്ചതായും അധികൃതർ അറിയിച്ചു. മുതലപ്പൊഴിയിൽ കയറാൻ കഴിയാത്ത നാലോളം വള്ളങ്ങളും വിഴിഞ്ഞത്താണ് കരയ്ക്കടുപ്പിച്ചത്.

ഇതിനിടയിലാണ്  രക്ഷാപ്രവർത്തനത്തിനിറങ്ങിയ തീരദേശ പോലീസിന്‍റെ ബോട്ട് അപകടാവസ്ഥയിലായത്. ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആടിയുലഞ്ഞ ബോട്ടിലെ ചോർച്ചയിൽ കടൽവെള്ളം നിറഞ്ഞു. രണ്ട് പേർ ചേർന്ന് വെള്ളം വറ്റിക്കാൻ ശ്രമം തുടരുന്നതിനിടയിൽ ബോട്ടിന്‍റെ മുൻവശം ചരിഞ്ഞു. ഇത് കടൽത്തിരയെ ഭേദിച്ച് മുന്നോട്ട് പോകാനുള്ള  ബോട്ടിന്‍റെ ശക്തിയെ ബാധിച്ചു. അപകടാവസ്ഥയിലായ രക്ഷാ ബോട്ടിൽ എസ്ഐ ഉൾപ്പെടെ ഏഴംഗ സംഘമാണ് ഉണ്ടായിരുന്നത്. കാര്യങ്ങൾ കൈവിട്ട് പോകുന്ന അവസ്ഥയിലായതോടെ സംഘം വയർലെസിലൂടെ ഉന്നതരെ വിവരം അറിയിച്ചു. അവസാനം വൈകുന്നേരം അഞ്ചരയോടെ ഏറെ സാഹസപ്പെട്ട് സംഘം തീരമണഞ്ഞതോടെയാണ് ആശങ്ക ഒഴിഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe