ആദ്യം മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഇപ്പോൾ എംപിയുടെ സഹായി; സ്വർണക്കടത്തിലും സഖ്യമെന്ന് രാജീവ് ചന്ദ്രശേഖർ

news image
May 30, 2024, 6:44 am GMT+0000 payyolionline.in

ദില്ലി: ശശി തരൂർ എംപിയുടെ പിഎ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടിയിലായ സംഭവത്തിൽ പരിഹാസവുമായി കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ആദ്യം കേരള മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്വർണക്കടത്തിൽ അറസ്റ്റിലായി. ഇപ്പോൾ കോൺഗ്രസ് എംപിയുടെ സഹായി അറസ്റ്റിലായിരിക്കുന്നു. ഇന്ത്യ സഖ്യകക്ഷികളായ സിപിഎമ്മും കോൺഗ്രസും സ്വർണ കള്ളക്കടത്തുകാരുടെയും സഖ്യമായെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

തരൂരിന്റെ പിഎ ശിവകുമാർ പ്രസാദിനെയും കൂട്ടാളിയെയുമാണ് ദില്ലി വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 500 ഗ്രാം സ്വർണം കണ്ടെത്തിയെന്ന് വാർത്താ ഏജൻസി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് സംഭവം. അന്താരാഷ്ട്ര യാത്രക്കാരനിൽ നിന്നും സ്വർണം വാങ്ങാനെത്തിയതാണ് ശിവകുമാറെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ സമൂഹ മാധ്യമമായ എക്സില്‍ പ്രതികരിച്ചു. തന്‍റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്‍റെ വിശദീകരണം. വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്. 72കാരനായ ശിവകുമാര്‍ ഡയാലിസിസിന് വിധേയനാകുന്നത് കൊണ്ട് മാനുഷിക പരിഗണന വെച്ചാണ് വിരമിച്ചിട്ടും നിലനിർത്തിയതെന്നും ശശി തരൂര്‍ പറഞ്ഞു. ധര്‍മശാലയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വിവരം അറിയുന്നത്. തെറ്റായ പ്രവൃത്തിയെ ഒരിക്കലും ന്യായീകരിക്കുന്നില്ല. അന്വേഷണത്തിലും തുടര്‍നടപടിയിലും കസ്റ്റംസ് അധികൃതര്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നിയമം നിയമത്തിന്‍റെ വഴിക്ക് പോകണമെന്നും ശശി തരൂര്‍ പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe