അബ്ദുൽ റഹീം മോചനം; സമാഹരിച്ചത് 47 കോടിയിലേറെ രൂപ, ദിയാ ധന ചെക്ക് കൈമാറി, തുടര്‍ നടപടികള്‍ ഇങ്ങനെ

news image
May 31, 2024, 11:31 am GMT+0000 payyolionline.in

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള ദിയാ ധന ചെക്കിന്റെ പകർപ്പ് എംബസി റിയാദ് റഹീം സഹായ സമിതിക്ക് കൈമാറിയതായി റഹീമിന്റെ പവർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂർ, സഹായ സമിതി അംഗം മൊഹിയുദ്ധീൻ സഹീർ എന്നിവർ അറിയിച്ചു.

സൗദി ക്രിമിനൽ കോടതി മേധാവിയുടെ പേരിൽ എഴുതിയ ഒന്നര കോടി സൗദി റിയാലിന്റെ ചെക്കിന്റെ പകർപ്പ് അടുത്ത പ്രവൃത്തി ദിവസം തന്നെ ഗവർണറേറ്റിൽ നൽകുന്നതിനായി ഗവർണറേറ്ററിന്റെ സമയം തേടിയിട്ടുണ്ട്. സമയം അനുവദിക്കുന്ന മുറക്ക് നേരിട്ടെത്തി ചെക്കിന്റെ പകർപ്പ് കൈമാറും. തുടർന്ന് ഗവർണറേറ്റിന് മുമ്പാകെ അനുരഞ്ജന കരാറിൽ ഒപ്പിടുന്നതിന് അനസിന്റെ അനന്തരാവകാശികളോ അധികാരപ്പെടുത്തിയ പവർ ഓഫ് അറ്റോണിയോ ഹാജരാകും.

അനുരഞ്ജന കരാറിൽ ഒപ്പിട്ടു കഴിഞ്ഞാൽ കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ ഗവർണറേറ്റിലോ കോടതിയിലോ സമർപ്പിക്കും. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിക്കും. തുടർന്ന് കോടതി നൽകുന്ന നിർദേശങ്ങൾക്ക് അനുസരിച്ചായിരിക്കും മോചനവുമായി ബന്ധപ്പെട്ട അടുത്ത പടി മുന്നോട്ട് പോകുകയെന്ന് റിയാദ് സഹായ സമിതി അറിയിച്ചു. റഹീമിന്റെ മോചനത്തിനായി സമാഹരിച്ച 47 കോടിയിലേറെ ഇന്ത്യൻ രൂപയിൽ നിന്നാണ് കൊല്ലപ്പെട്ട അനസിന്റെ കുടുംബത്തിന് നൽകാനുള്ള ദിയ ധനമായ ഒന്നര കോടി സൗദി റിയാൽ നാട്ടിലെ ട്രസ്റ്റ് വിദേശകാര്യ മന്ത്രാലയത്തിന് നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe