കൊല്ലം∙ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യുഡിഎഫിന് ഉജ്ജ്വല മുന്നേറ്റം. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രന്റെ ലീഡ് പതിനായിരം കഴിഞ്ഞു. നടൻ മുകേഷാണ് എൽഡിഎഫ് സ്ഥാനാർഥി.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ എൽഡിഎഫ് സ്ഥാനാർഥിയാണ് മുന്നേറിയത്. എന്നാൽ അരമണിക്കൂർ പിന്നിട്ടതോടെ എൽഡിഎഫ് സ്ഥാനാർഥി പിന്നിലായി. പ്രേമചന്ദ്രന്റെ ലീഡ് 1000 കടന്നു. പിന്നീട് പ്രേമചന്ദ്രൻ ലീഡ് കുത്തനെ ഉയർത്തി. വോട്ടെടുപ്പ് മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോൾ ലീഡ് അയ്യായിരം പിന്നിട്ടു. ഒരു മണിക്കൂർ കഴിഞ്ഞതോടെ ലീഡ് പതിനായിരമായി. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് പ്രേമചന്ദ്രൻ ജയിക്കുമെന്നാണ് മുന്നണി പ്രതീക്ഷ.
2009ലെ തിരഞ്ഞെടുപ്പു മുതൽ യുഡിഎഫാണ് മണ്ഡലത്തിൽ തുടർച്ചയായി വിജയിക്കുന്നത്. 2014ൽ കോൺഗ്രസ് ആർസിപിക്ക് സീറ്റ് കൈമാറി. 2014, 2019 വർഷങ്ങളിലെ തിരഞ്ഞെടുപ്പിൽ വിജയിച്ച എൻ.കെ.പ്രേമചന്ദ്രൻ ഹാട്രിക് വിജയത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്. എം.എ.ബേബിയും, ഇപ്പോഴത്തെ ധനമന്ത്രി കെ.എൻ.ബാലഗോപാലും പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. കഴിഞ്ഞ തവണ 1.48 ലക്ഷം വോട്ടിനാണ് എൻ.കെ.പ്രേമചന്ദ്രൻ വിജയിച്ചത്.