കുവൈത്ത് തീപിടുത്തം: കെട്ടിടം മലയാളി വ്യവസായിയുടെ കമ്പനിയുടെ കീഴിൽ, കർശന നടപടിയെന്ന് കുവൈത്ത് അധികൃതര്‍

news image
Jun 13, 2024, 4:01 am GMT+0000 payyolionline.in
കുവൈത്ത് സിറ്റി: കുവൈത്തിലെ തീപിടുത്തമുണ്ടായ കെട്ടിടം പ്രവർത്തിക്കുന്നത് മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ കമ്പനി എൻബിടിസിയുടെ കീഴിൽ. മാംഗാഫ് മേഖലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ബുധനാഴച്ച രാവിലെയോടെയാണ് തീപടര്‍ന്നത്. ഏകദേശം 200 ജീവനക്കാര്‍ ഈസമയം ഈ ആറു നില കെട്ടിടത്തിൽ താമസിക്കുന്നുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കമ്പനിയിലെ ജോലിക്കാരായ താമസക്കാര്‍ ഉറങ്ങിക്കിടന്ന സമയത്തായിരുന്നു തീപിടുത്തം. കൂടുതല്‍ പേരും പുക ശ്വസിച്ചുണ്ടായ ശ്വാസം മുട്ടല്‍ മൂലമാണ് മരിച്ചതെന്നും രക്ഷപ്പെടാനുള്ള വാതിലുകൾ തുറക്കാനായില്ലെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ കുവൈറ്റ് അധികൃതർ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു.

മരിച്ചവരിൽ ഭൂരിഭാഗവും കേരളം, തമഴിനാട്, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന് ഉത്തരവാദികൾ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സെക്യൂരിറ്റി ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ മേജര്‍ ജനറല്‍ നാസര്‍ അബു-സ്ലെയ്ബ് വ്യക്തമാക്കി.

കുവൈത്തിലെ തൊഴിലാളി ക്യാംപിലെ തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം 12 ആയി. ഇന്നലെയുണ്ടായ ദുരന്തത്തിൽ 49 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അവരിൽ 40 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ 12 പേർ മലയാളികളാണ്. മരിച്ച 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കാസർകോ‍ട് സ്വദേശികളാണ് മരിച്ചത്. ഷമീർ, ലൂക്കോസ് സാബു, സാജൻ ജോർജ് എന്നിവരാണ് മരിച്ച കൊല്ലം സ്വദേശികൾ. മുരളീധരൻ, ആകാശ് ശശിധരൻ, സജു വർ​ഗീസ്, തോമസ് സി ഉമ്മൻ എന്നിവർ പത്തനംതിട്ട സ്വദേശികളാണ്. കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു, മലപ്പുറം തിരൂർ സ്വദേശി നൂഹ്, കാസർകോട് ചെർക്കള കുണ്ടടക്കം സ്വദേശി രജ്ഞിത് എന്നിവരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe