നീറ്റ് പരീക്ഷ തത്കാലം റദ്ദാക്കില്ല: മന്ത്രി ധർമേന്ദ്ര പ്രധാന്‍

news image
Jun 20, 2024, 3:12 pm GMT+0000 payyolionline.in

ദില്ലി: നീറ്റ് പരീക്ഷ തത്ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. നീറ്റ് – നെറ്റ് വിവാദത്തിനിടെ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ്  ധർമേന്ദ്ര പ്രധാന്റെ പ്രസ്താവന. എൻടിഎയുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിച്ചതായും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ താത്പര്യം സംരക്ഷിക്കുമെന്നും ബീഹാർ സർക്കാർ ചില വിവരങ്ങൾ നൽകിയെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ബിഹാർ പൊലീസ് ചില ക്രമക്കേടുകൾ അറിയിച്ചിട്ടുണ്ട്. കുറ്റക്കാർ എത്ര ഉന്നതരായാലും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഉറപ്പ് നൽകി.

ചില വിഷയങ്ങളിൽ മാത്രമാണ് ഇതു വരെ പൊലീസ് സൂചന നൽകിയിരിക്കുന്നത്. കള്ള പ്രചാരണവും രാഷ്ട്രീയവും ഒഴിവാക്കണം എന്ന് മന്ത്രി ആവശ്യപ്പെട്ടു. നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ടെലഗ്രാമിൽ വന്നതായി വിവരം കിട്ടിയിരുന്നു എന്നും മന്ത്രി അറിയിച്ചു.  ഒറ്റപ്പെട്ട സംഭവത്തിന്റെ പേരിൽ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്. നീറ്റ്, നെറ്റ് വിഷയങ്ങൾ വ്യത്യസ്തമാണെന്നും മന്ത്രി പറ‍ഞ്ഞു. ലക്ഷകണക്കിന് വിദ്യാർത്ഥികളുടെ പരിശ്രമം കണ്ടില്ലെന്ന് വയ്ക്കാനാവില്ലെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി നെറ്റ് പരീക്ഷയിൽ ചോദ്യ പേപ്പർ ചോർന്നെന്ന് വ്യക്തമായി എന്നും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe