മഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ 2 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പാംബ്ല ഡാമിൻ്റെ ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാർ തീരത്ത് പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.
പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ് വേ വെള്ളത്തിൽ മുങ്ങി. നദിക്ക് കുറുകെ മറുകര എത്താൻ 400 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാതയാണിത്. എറണാകുളം കോതമംഗലത്ത് കിഴക്കൻ മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. ബ്ലാവനയിൽ ജങ്കാർ സർവ്വീസ് നിലക്കുകയും ചെയ്തതോടെ ആറും ഏഴും വാർഡിലെ ജനങ്ങൾ ദുരിതത്തിലായി. അതുപോലെ ഇടുക്കി രാജാക്കാട് – മൈലാടും പാറ റൂട്ടിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തിങ്കൾ കാട് കോളനിക്ക് സമീപമാണ് മരം വീണത്. മരം മുറിച്ചു മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.