ഹത്രാസ് ദുരന്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ, ഭോലെ ബാബ ഒളിവിൽ

news image
Jul 3, 2024, 9:45 am GMT+0000 payyolionline.in
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്റാസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 130 പേർ മരിച്ച സംഭവത്തിൽ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. സംഭവം റിട്ട. ജഡ്ജി അന്വേഷിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതെയിരിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. അതേസമയം, ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.

അതേസമയം, ഹത്രാസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുകയാണ്. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. അപകടത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിക്കേറ്റവർ ആറിലധികം ആശുപത്രികളിൽ ചികിത്സയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയതായി വ്യക്തമായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe