വായു മലിനീകരണം: രാജ്യത്തെ 10 നഗരങ്ങളിലായി പ്രതിവർഷം 33,000 മരണം

news image
Jul 5, 2024, 6:04 am GMT+0000 payyolionline.in

ന്യൂഡൽഹി: ഇന്ത്യയിലെ പത്ത്‌ നഗരങ്ങളിലായി പ്രതിവർഷം 33000 മരണങ്ങൾ വായുമലിനീകരണത്തിന്റെ പാർശ്വഫലങ്ങളാൽ സംഭവിക്കുന്നുണ്ടെന്ന്‌ പഠനറിപ്പോർട്ട്‌. ഡൽഹി, മുംബൈ, ബംഗ്ലുരു, ചെന്നൈ, ഹൈദരാബാദ്‌, കൊൽക്കത്ത, അഹമദാബാദ്‌, ഷിംല, വാരണാസി, പൂനെ എന്നീ നഗരങ്ങളിലെ വായുമലിനീകരണ തോതും 2008 മുതൽ 2019 വരെയുള്ള മരണനിരക്കും വിശകലനം ചെയ്‌തുള്ള പഠനം ലാൻസെറ്റ്‌ പ്ലാനെറ്ററി ഹെൽത്താണ്‌ പ്രസിദ്ധീകരിച്ചത്‌.

പഠനവിധേയമാക്കിയ 10 നഗരങ്ങളിൽ 2008–-2019 കാലയളവിൽ സംഭവിച്ച മരണങ്ങളിൽ 7.2 ശതമാനവും മോശം വായു ശ്വസിച്ചതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ കാരണമാണെന്ന്‌ പഠനം വ്യക്തമാക്കുന്നു. വായുമലിനീകരണത്തെ തുടർന്നുള്ള മരണങ്ങൾ ഏറ്റവും കൂടുതൽ തലസ്ഥാനമായ ഡൽഹിയിലാണ്‌–- 11.5 ശതമാനം. ഡൽഹിയിൽ പ്രതിവർഷം 12000 പേരാണ്‌ മോശം വായുവിന്റെ പാർശ്വഫലങ്ങളാൽ മരിക്കുന്നത്‌. ലോകാരോഗ്യസംഘടന നിർദേശിക്കുന്നതിലും വളരെ ഉയർന്ന അളവിലുള്ള മലിനീകരണമാണ്‌ ഇന്ത്യയിലെ നഗരങ്ങളിൽ സ്ഥിതി രൂക്ഷമാക്കുന്നത്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ 10 വർഷമായി പ്രതിനിധീകരിക്കുന്ന വാരണാസിയാണ്‌ വായുമലിനീകരണത്തെ തുടർന്നുള്ള മരണങ്ങളിൽ രണ്ടാമത്‌. വാരണാസിയിലെ ആകെ മരണങ്ങളിൽ 10.2 ശതമാനം വായുമലിനീകരണത്തെ തുടർന്നാണ്‌. പ്രതിവർഷം 830 പേർ മോശം വായു ശ്വസിച്ച്‌ വാരണാസിയിൽ മരിക്കുന്നുണ്ട്‌.

മുംബൈയിൽ പ്രതിവർഷം 5100 പേരും കൊൽക്കത്തയിൽ 4700 പേരും ചെന്നൈയിൽ 2900 പേരും വാരണാസിയിൽ 2100 പേരും വായുമലിനീകരണ കാരണങ്ങളാൽ മരിക്കുന്നുണ്ട്‌. പഠനവിധേയമാക്കിയ നഗരങ്ങളിൽ മലിനീകരണം ഏറ്റവും കുറവ്‌ ഷിംലയിലാണ്‌. എന്നാൽ ഇവിടെയും ആകെ മരണങ്ങളിൽ 3.7 ശതമാനം മലിനവായു ശ്വസിച്ചതിന്റെ പാർശ്വഫലങ്ങളാണ്‌. ഷിംലയിൽ പ്രതിവർഷം 59 പേർ നിലവാരമില്ലാത്ത വായു ശ്വസിക്കുന്നതിനാൽ മരിക്കുന്നുണ്ട്‌.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe