‘സൈനികരുടെ ത്യാഗം വെറുതെയാകില്ല’; കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് കേന്ദ്രം

news image
Jul 9, 2024, 7:28 am GMT+0000 payyolionline.in
ദില്ലി: കത്വ ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഭീകരരുടേത് തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി പ്രതികരിച്ചു. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. അതിർത്തി കടന്ന് എത്തിയ ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് സുരക്ഷ ഏജൻസികളുടെ നിഗമനം. ഇന്നലെ രാത്രിയാണ് കത്വയിൽ ഭീകരരുടെ ആക്രമണം ഉണ്ടായത്.

ഒളിഞ്ഞിരുന്നുള്ള ഭീകരരുടെ ആക്രമണത്തിൽ രാജ്യത്തിന് നഷ്ടമായത് 5 ധീര ജവാവന്മാരെയാണ്. ഇന്നലെ വൈകുന്നേരം 3.10 ഓടെയാണ് കത്വയിലെ മച്ചേഡി മേഖലയിൽ പെട്രോളിംഗ് സംഘത്തിന് നേരെ ആക്രമണം നടന്നത്. അതിർത്തി കടന്ന് എത്തിയ നാല് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. ഇവർക്കൊപ്പം പ്രാദേശികമായി പ്രവർത്തിക്കുന്ന രണ്ട് പേരും പങ്കെടുത്തു. പ്രദേശത്ത് തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിക്കുകയാണ് ഇന്ത്യ. ശക്തമായ തിരിച്ചടി അർഹിക്കുന്ന ഭീരുത്വ നടപടിയാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

സംഭവത്തിൽ അതീവ ദു:ഖം രേപ്പെടുത്തിയ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ഭീകരരെ പിടികൂടാൻ സൈന്യം മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് അറിയിച്ചു. സൈനികരുടെ ത്യാഗം വെറുതെയാകില്ലെന്നും ആക്രമണത്തിന് പിന്നിലെ ദുഷ്ട ശക്തികൾക്ക് കനത്ത തിരിച്ചടി നൽകുമെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. പരിക്കേറ്റ സൈനികരുടെ നില തൃപ്തികരമാണെന്ന് സൈന്യം അറിയിച്ചു. വീരമൃത്യു വരിച്ച സൈനികരുടെ ഭൗതികശരീരം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ഇന്ന് ജന്മനാട്ടിലേക്ക് കൊണ്ടു പോകും. സംഭവത്തിൽ പ്രതിപക്ഷം മോദി സർക്കാരിനെതിരെ വിമർശനം കടുപ്പിക്കുകയാണ്. കശ്മീരിലെ സ്ഥിതി ഗുരുതരമാകുകയാണെന്നും വ്യാജ അവകാശവാദങ്ങളും പൊങ്ങച്ചം പറച്ചിലുമാണ് മോദി നടത്തുന്നതെന്നും കോൺഗ്രസ് പ്രതികരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe