ബംഗളൂരു: കർണാടകത്തിൽ മണ്ണിടിഞ്ഞ് അപകടമുണ്ടായ ഷിരൂരിലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. കനത്ത മഴയെത്തുടർന്നാണ് രക്ഷാപ്രവർത്തനം നിർത്തിവച്ചതെന്നാണ് വിവരം. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരിൽ കോഴിക്കോട് സ്വദേശി അർജുൻ ഉണ്ടെന്നുള്ള വിവരം പുറത്തുവന്നിരുന്നു. അർജുനടക്കം 15 പേരാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ജിപിഎസ് പരിശോധനയിൽ മണ്ണിനടിയിൽ ട്രക്കും ബെൻസും ഉള്ളതായി കണ്ടെത്തി.
അങ്കോളയിലെ ഷിരൂർ ഗ്രാമത്തിലാണ് ചൊവ്വാഴ്ച രാവിലെയോടെ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും ഏഴ് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ലോറി ഡ്രൈവർമാർ പതിവായി വിശ്രമിച്ചിരുന്ന സ്ഥലമാണിത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ഒരു ചായക്കടയും ഉണ്ടായിരുന്നു.
എന്നാൽ അപകടം നടന്ന് മൂന്ന് ദിവസമായിട്ടും രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് പുരോഗമിക്കുന്നതെന്നാണ് ആരോപണം. റോഡിലെ മണ്ണ് മാത്രമാണ് നീക്കുന്നത്. ദേശീയപാതയിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം മാത്രമാണ് നടത്തുന്നതെന്ന് ജനങ്ങൾ ആരോപിച്ചു. 3 ജെസിബികൾ മാത്രമാണ് സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായുള്ളത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് തിരച്ചിൽ ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. ഗംഗാവതിപ്പുഴ കരരവിഞ്ഞൊഴുകിയതും രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്. തിരച്ചിലിന് നേവിയുടെ സഹായവും തേടിയിട്ടുണ്ട്.
വിഷയത്തിൽ കേരളം ശക്തമായി ഇടപെട്ടിരുന്നു. അടിയന്തര നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. അധികൃതരുമായി സംസാരിച്ചെന്നും വിഷയത്തിൽ ശക്തമായി ഇടപെട്ടെന്നും മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും അറിയിച്ചു.