ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി. അതിശക്തമായ മഴയെ അവഗണിച്ച് സംഘം നദിയിലേക്ക് പോയെങ്കിലും തിരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് ആദ്യ സംഘത്തിലുളളത്. ട്രക്ക് കണ്ടെത്തിയെന്ന് ഉറപ്പിച്ചതിന് ശേഷമാണ് നാവിക സേനയുടെ സ്കൂബാ ഡൈവേഴ്സ് അടങ്ങുന്ന വലിയ സംഘം നദിയിലേക്ക് പോകുന്നത്. എത്ര മണിക്കൂറെടുത്താകും ട്രക്ക് പുറത്തേക്ക് എത്തിക്കുകയെന്നതിലൊന്നും ഇപ്പോൾ വ്യക്തതയില്ല. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ രക്ഷാ പ്രവർത്തനം വളരെ ദുഷ്കക്കരമാണ്. എത്രത്തോളം മണ്ണ് നദിയിൽ ട്രക്കിന് മുകളിലുണ്ടെന്നതിലും വ്യക്തതയില്ല. ഈ ഭാഗത്തെ മണ്ണ് മുഴുവൻ മാറ്റിയാൽ മാത്രമേ ലോറി പുറത്തെടുക്കാൻ കഴിയുകയുളളു. ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ട്രക്കിന്റെ സാന്നിധ്യം നദിയിൽ കണ്ടെത്തിയത്.
