മലപ്പുറം: വയനാട് ചൂരൽ മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ അകപ്പെട്ട 24 പേരുടെ മൃതദേഹം ചാലിയാർ പുഴയിൽനിന്ന് ഇതുവരെ ലഭിച്ചു. ശരീരഭാഗങ്ങൾ വേർപെട്ട നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്തിലുള്ള പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നുള്ള മൂന്ന് യൂണിറ്റ് ഫോറൻസിക് സംഘം നിലമ്പൂർ ആശുപത്രിയിൽ എത്തും.എംഎൽഎമാരായ പി വി അൻവർ, പി കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ, പി കെ ബഷീർ എന്നിവർ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തി.
ഉരുൾപൊട്ടലിൽ മരിച്ച 59 പേരുടെ മൃതദേഹം വയനാട്ടിലെ വിവിധ അശുപത്രികളിലെത്തിച്ചിട്ടുണ്ട്. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 48 പേരുടെ മൃതദേഹവും ഒരാളുടെ കാലിന്റെ ഭാഗവുമാണ് എത്തിച്ചത്. ഇതിൽ 28 പേരെ തിരിച്ചറിഞ്ഞു. വിംസ് ആശുപത്രിയിൽ ഒൻപത് പേരുടെ മൃതദേഹം എത്തിച്ചു, ആറ് പേരെ തിരിച്ചറിഞ്ഞു. വൈത്തിരി ആശുപത്രിയിൽ ഒരാളുടെ മൃതദേഹം എത്തിച്ചു. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൂടുതൽ മൃതദേഹം എത്തുന്ന സാഹചര്യത്തിൽ തൊട്ടടുത്തുള്ള പഞ്ചായത്ത് ഹാളിലേക്ക് തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ മാറ്റുന്നുണ്ട്. പല സ്ഥലങ്ങളിലും വീടുകളിലും കെട്ടിടങ്ങളിലും നിരവധി പേർ ഒറ്റപ്പെട്ട് കിടക്കുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.