ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം മൂലമുണ്ടായ ദുരന്തത്തിൽ 44 പേരെ കാണാതായെന്ന് വിവരം. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നിരവധി വീടുകൾ തകർന്നതായാണ് വിവരം. ഷിംലയിൽ മാത്രം 36 പേരെയാണ് കാണാതായത്. മണ്ടിയിൽ എട്ട് പേരെയും കാണാതായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. പ്രദേശത്ത് റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേന രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് സംസ്ഥാനത്തെ മന്ത്രി ജഗത് സിംഗ് നേഗി അറിയിച്ചു.
അതേസമയം ദില്ലിയിലെ മഴക്കെടുതിയിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വടക്കൻ ദില്ലിയിൽ വീട് തകർന്ന് വീണ് ഒരാൾ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണ്. ഗാസിയാബാദിൽ അമ്മയും മകനും വെള്ളക്കെട്ടിൽ വീണു മരിച്ചു. മഴ മുന്നിറിയിപ്പിനെ തുടർന്ന് ദില്ലി കനത്ത ജാഗ്രതയിലാണ്. ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്നലെ രാത്രി പെയ്ത മഴയിൽ നഗരത്തിൽ ജന ജീവിതം സ്തംഭിച്ചു. പലയിടത്തും രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. കേദാർനാഥിൽ മേഘവിസ്ഫോടനത്തെ തുടർന്ന് നിരവധി തീർത്ഥാടകർ കുടുങ്ങി. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്.