മനാമ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായവരെ സഹായിക്കുന്നതിനായി ബിരിയാണി ചലഞ്ചുമായി ബഹ്റൈനിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള റെസ്റ്റോറന്റ്. മുഹറഖിലെ കുടുക്കാച്ചി റെസ്റ്റോറന്റാണ് വയനാടിന് കൈത്താങ്ങാകാന്‍ ബിരിയാണി ചലഞ്ച് നടത്തുന്നത്.
ഓഗസ്റ്റ് രണ്ട് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. അഞ്ച് വര്‍ഷമായി ബഹ്റൈനില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിയായ ഉനൈസാണ് കുടുക്കാച്ചി റെസ്റ്റോറന്റിന്റെ ഉടമ. ബിരിയാണി ചലഞ്ച് വഴി ലഭിക്കുന്ന പണം റെസ്റ്റോറന്റില്‍ സ്ഥാപിക്കുന്ന ബോക്സിലാണ് നിക്ഷേപിക്കുകയെന്നും ഇത് വയനാട്ടിലേക്ക് കൈമാറുമെന്നും ഉനൈസ് പറഞ്ഞു. വെള്ളിയാഴ്ച അവധി ദിവസമായതിനാല്‍ കൂടുതല്‍ കച്ചവടം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബിരിയാണി ചലഞ്ച് അന്ന് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.