നിലമ്പൂർ: നിലമ്പൂർ പോത്തുകല്ലിലെ വനമേഖലയിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഉരുൾപൊട്ടൽ സംഭവിച്ച വയനാട് ചൂരൽമലക്കും മലപ്പുറം ജില്ലാ അതിർത്തിയായ കുമ്പളപ്പാറക്കും ഇടയ്ക്കുള്ള ചെങ്കുത്തായ ഭാഗത്തുനിന്നാണ് രണ്ട് പേരുടെ മൃതദേഹം ലഭിച്ചത്. ഇത് പുറത്തെത്തിക്കാൻ സന്നദ്ധ പ്രവർത്തകർ എയർ ലിഫിറ്റിങ് സംവിധാനം തേടി.
ചാലിയാറിലൂടെ മൃതദേഹങ്ങൾ ഒഴുകിവരുന്നത് തുടരുന്ന സാഹചര്യത്തിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ ചൂരൽ മലയിൽനിന്ന് പോത്തുകല്ല് ഭാഗത്തേക്കും പോത്തുകല്ലിൽ നിന്ന് തിരിച്ചും വനത്തിലൂടെ പരിശോധന നടക്കുന്നുണ്ട്. മല കയറിയ സന്നദ്ധ പ്രവർത്തകരാണ് മൃതദേഹം കണ്ടെത്തിയത്. ചെങ്കുത്തായ മലവാരത്തിലൂടെ മൃതദേഹങ്ങൾ പുറത്തെത്തിക്കാൻ കഴിയാത്തതിനാലാണ് ഇവർ എയർ ലിഫിറ്റിങ് സംവിധാനം തേടിയത്. ഇതിനായി നിലമ്പൂർ തഹസിൽദാരുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു വരികയാണ്.
ഹെലികോപ്റ്റർ ലഭ്യമായാലും വനാന്തർ ഭാഗത്ത് എയർ ലിഫിറ്റിങ് പ്രായസകരമായേക്കും. പ്രദേശത്ത് കനത്ത മഴയാണ്. ഇതോടൊപ്പം ചാലിയാറിലെ കുത്തൊഴുക്കും വന മേഖയലിൽ കാട്ടാന ഉൾപ്പെടെയുള്ള മൃഗങ്ങളുടെ സാന്നിധ്യവും തിരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ചാലിയാറിൽ പരിശോധന നടത്തിയ സന്നദ്ധപ്രവർത്തകരിൽ പലർക്കും പരിക്കേറ്റ സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.