ന്യൂഡൽഹി: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിൻഡൻ വ്യോമത്താവളം വിട്ടു. ബംഗ്ലദേശ് വ്യോമസേനയുടെ സി–130ജെ വിമാനം രാവിലെ 9ന് ഇവിടെനിന്ന് പോയതായി വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. വിമാനം അടുത്തലക്ഷ്യകേന്ദ്രത്തിലേക്ക് നീങ്ങിയെന്നാണ് വിവരം. എന്നാൽ ഹസീന ഈ വിമാനത്തിലുണ്ടോ, വിമാനം എങ്ങോട്ടേക്കാണ് പോകുന്നത് തുടങ്ങിയ വിവരങ്ങൾ അറിവായിട്ടില്ല.
ബ്രിട്ടനിൽ താമസിക്കാൻ അനുവാദം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുമെന്നായിരുന്നു റിപ്പോർട്ട്. രാജിവച്ചശേഷം സൈനിക വിമാനത്തിൽ രാജ്യം വിട്ട അവർ ലണ്ടനിലേക്കുള്ള യാത്രാമധ്യേയാണു യുപിയിലെ ഗാസിയാബാദ് ഹിൻഡൻ വ്യോമതാവളത്തിൽ ഇറങ്ങിയത്.
ബംഗ്ലദേശ് കലാപത്തെ തുടർന്ന് ഇന്ത്യ–ബംഗ്ലദേശ് അതിർത്തി മേഖലകളിൽ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്. 4,096 കിലോമീറ്റർ അതിർത്തിയാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ളത്. ബിഎസ്എഫ് ഡയറക്ടർ ജനറലിന്റെ ചുമതല വഹിക്കുന്ന ദൽജിത്ത് സിങ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം അതിർത്തി മേഖലകളിൽ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. ബംഗ്ലാദേശിൽ പ്രക്ഷോഭകാരികൾ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ചു. രണ്ടു ദിവസത്തെ ഏറ്റുമുട്ടലുകളിൽ 157 പേരാണ് കൊല്ലപ്പെട്ടത്.
ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാകാര്യ കാബിനറ്റ് സമിതി യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നിർമല സീതാരാമൻ, എസ്.ജയശങ്കർ എന്നിവരാണു സമിതിയിലെ അംഗങ്ങൾ. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പ്രധാനമന്ത്രിയുമായി പ്രത്യേകമായും കൂടിക്കാഴ്ച നടത്തി.